കൊച്ചി; കോവിഡ് കാരണം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ പരാതിയുമായി ഭാര്യ. തോപ്പുംപടിയില്‍ താമസിക്കുന്ന അനീഷാണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു.
വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ഉടമയുടെ സമ്മര്‍ദ്ദമാണ് മരണത്തിന് കാരണമായത് എന്നാണ് ഭാര്യ സൗമ്യ തോപ്പുംപടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് അനീഷിന് ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു.
ഓട്ടം ഇല്ലാതായതോടെ ഓട്ടോറിക്ഷ ഉടമയെ തിരികെ ഏല്‍പിച്ചിരുന്നു. ഇതിന് ശേഷം കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബം പുലര്‍ത്തിയിരുന്നത്. വീട്ടുടമയ്ക്ക് നാലു മാസത്തെ വാടകയാണ് കൊടുക്കാനുള്ളത്. ഇതിന്റെ പേരില്‍ വീടൊഴിയണമെന്ന് നിരന്തരം സമ്മര്‍ദ്ദം ചെലുത്തുമായിരുന്നു എന്നാണ് സൗമ്യ പറയുന്നത്.
അനീഷിന്റെ മരണത്തോടെ തങ്ങള്‍ തനിച്ചായെന്നും ഒന്‍പതും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ എങ്ങനെ വളര്‍ത്തുമെന്ന് അറിയാത്ത അവസ്ഥയിലാണെന്നും സൗമ്യ പറയുന്നു.
Discussion about this post