മോഡി പ്രകാശനം ചെയ്ത പുസ്തകത്തിൽ സ്വാതന്ത്ര്യസമര സേനാനികളുടെ കൂട്ടത്തിൽ വാരിയൻകുന്നത്ത് ഹാജിയും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രകാശനം ചെയ്ത പുസ്തകത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ബ്രിട്ടീഷുകാർക്ക് എതിരായ പോരാളികളെന്ന് വിശേഷണം. സ്വാതന്ത്ര്യ സമര രക്തസാക്ഷികളേക്കുറിച്ചുള്ള പുസ്തകത്തിലാണ് ഇരുവരും സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ മോഡി പുറത്തിറക്കിയ ‘ഡിക്ഷണറി ഓഫ് മാർട്ടിയേഴ്‌സ്ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ’ എന്ന പുസ്തകത്തിലാണ് മലബാർ സമരനേതാക്കളേക്കുറിച്ച് പ്രത്യേക പരാമർശമുള്ളത്. സാംസ്‌കാരികചരിത്ര ഗവേഷണ മന്ത്രാലയം അഞ്ച് വോള്യങ്ങളായി പുറത്തിറക്കിയ പുസ്തകപരമ്പരയിൽ 1857 മുതൽ 1947 വരെയുള്ള കാലഘട്ടത്തിൽ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി മരിച്ച 13,500 പേരുടെ പേരുണ്ട്. അഞ്ചാം വോള്യത്തിൽ 248ാം പേജിൽ ആലി മുസ്ലരിയാരേക്കുറിച്ചും വാരിയൻ കുന്നത്തിനേക്കുറിച്ചും വിവരിക്കുന്നുണ്ട്.

പുസ്തകത്തിൽ പറയുന്നത് ‘പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലിമുസ്ലിയാരുടെയും ബന്ധുവും സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് സൈന്യത്തിനെതിരെ അദ്ദേഹം പല തവണ പോരാട്ട സമരങ്ങൾക്ക് നേതൃത്വം നൽകി. ബ്രിട്ടീഷ് ഭരണ സംവിധാനങ്ങളെ കുറച്ചുകാലത്തേക്ക് മരവിപ്പിച്ചു കൊണ്ട് ഏറനാടൻ പ്രദേശങ്ങളിലെ ഭരണാധികാരിയായി വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെ സ്വയം പ്രഖ്യാപിച്ചു. 1922 ജനുവരി മാസത്തിൽ കല്ലാമൂലയിൽ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാർ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാർ അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തി’-എന്നാണ്.

വാരിയൻകുന്നത്തിന്റെ മാതാപിതാക്കളുടെ വിവരങ്ങളും കുഞ്ഞഹമ്മദ് ഹാജിയേയും പിതാവിനേയും മക്കയിലേക്ക് നാടുകടത്തിയതും തിരിച്ചെത്തിയിട്ടും ഖിലാഫത്ത് നേതാവായി പ്രവർത്തനം തുടർന്നതും പുസ്തകത്തിലുണ്ട്.

അതേസമയം, ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് വാരിയൻകുന്നനായെത്തുന്നു എന്ന വാർത്തകൾ സംഘപരിവാർ വലിയ വിവാദമാക്കിയിരുന്നു. ‘വാരിയൻകുന്നൻ’ ചിത്രത്തിനെതിരെ രൂക്ഷപ്രതികരണങ്ങളുമായി സംഘ്പരിവാറും ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. മലബാർ സ്വാതന്ത്യ സമരം ഒരു സ്വാതന്ത്ര്യപോരാട്ടമല്ലെന്നും ഹിന്ദുവംശഹത്യയാണെന്നുമാണ് ആർഎസ്എസിന്റെ ഭാഷ്യം.

അതേസമയം, ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് ‘പൂക്കോട്ടൂർ യുദ്ധം’ നൂറാം വയസിലേക്ക് കടന്നിരുന്നു. 1921 ഓഗസ്റ്റ് 26ന് മലബാർ കലാപത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ വെച്ച് മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മിൽ നടന്ന ചരിത്ര പ്രസിദ്ധമായ പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം.

Exit mobile version