കൊച്ചി: ഒരു തുണ്ട് ഭൂമിയോ മറ്റ് വരുമാനമോ ഇല്ലാത്ത കുടുംബത്തെ തനിച്ചാക്കി അനീഷ് വിട പറഞ്ഞപ്പോൾ അമ്മയേയും കുഞ്ഞുങ്ങളേയും പരിപാലിക്കാൻ ഇനി എന്തു ചെയ്യണമെന്ന ഭാര്യ സൗമ്യയ്ക്ക് അറിയില്ല. സൗമ്യയുടെ കണ്ണീരിൽ നാട്ടുകാർക്കും നെഞ്ചുപൊട്ടുകയാണ്. ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാകാതെയാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ അനീഷ് (37) ജീവനൊടുക്കിയത്.
തോപ്പുംപടിയിൽ താമസിക്കുന്ന അനീഷാണ് ആത്മഹത്യ ചെയ്തത്. വാടകയ്ക്കായുള്ള വീട്ടുടമയുടെ സമ്മർദമാണ് ആത്മഹത്യക്ക് കാരണമെന്ന് ഭാര്യ സൗമ്യ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തോപ്പുംപടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ് കുടുംബം. സൗമ്യയും അനീഷിന്റെ അമ്മ രമണിയും ഒമ്പതും രണ്ടും വയസുള്ള കുഞ്ഞുങ്ങളുമാണ് അനീഷിന്റെ മരണത്തോടെ അനാഥരായിരിക്കുന്നത്.
സ്വന്തമായി ഒരു തുണ്ട് ഭൂമിയോ മറ്റ് വരുമാനമാർഗമോ ഇല്ലാത്ത സൗമ്യക്ക് മുന്നിൽ മക്കളുടെ ഭാവിയും വലിയൊരു ചോദ്യചിഹ്നമായി. നാല് മാസത്തെ കുടിശികയുടെ പേരിലുള്ള നിരന്തര സമ്മർദത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് അനീഷ് തൂങ്ങിമരിച്ചതെന്ന് സൗമ്യ പറഞ്ഞു. കൊവിഡ് ലോക്ഡൗണിനെ തുടർന്ന് ഓട്ടം ഇല്ലാതായതോടെ ഓട്ടോറിക്ഷ അനീഷ് ഉടമയെ തന്നെ തിരികെ ഏൽപിച്ചിരുന്നു. ഇതിന് ശേഷം കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബം പുലർത്തിയിരുന്നത്. ഒടുവിൽ സാമ്പത്തിക ബാധ്യതകൾ താങ്ങാനാവാതെ അനീഷ് മരണത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056).