തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയത്ത് രേഖകളിൽ ഒപ്പുവെച്ചെന്നും ഇത് വ്യാജഒപ്പ് ആണെന്നുമുള്ള ബിജെപിയുടെ ആരോപണങ്ങൾക്ക് വിശദമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജഒപ്പ് ആരോപണം കാര്യങ്ങൾ അറിയാത്തതുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഫയൽ പരിശോധനാ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണെന്നും ഫയലുകളിലെ ഒപ്പ് തന്റെ ഒപ്പുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഭാഷാ ദിനാചരണത്തിന്റെ ഫയൽ മാത്രമല്ല 2018 സെപ്റ്റംബർ ആറ് എന്ന ദിവസം 39 ഫയലുകളിൽ താൻ ഒപ്പിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നുവരുണ്ടെന്ന ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യരാണ് രംഗത്തെത്തിയത്. ഇതേസംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഫയൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ ഒരു വിശദീകരണം വായിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കൻ പര്യടനത്തെ തുടർന്ന് ഫയലുകൾ കെട്ടിക്കിടക്കുകയാണെന്ന കെസി ജോസഫിന്റെ പ്രസ്താവനക്ക് നൽകിയ വിശദീകരണം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാണിച്ച് സംശയനിവാരണം നടത്തി.
ഈ ദിവസങ്ങളിൽ ഫയലുകൾ ഇലക്ട്രോണിക് സംവിധാനം വഴി മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് തീരുമാനമെടുക്കുകയാണ് ചെയ്യുന്നതെന്നും ഇ-ഫയലുകളിൽ മാത്രമല്ല ഫിസിക്കൽ ഫയലുകളിലും തീരുമാനമെടുക്കുന്നുണ്ടെന്നും ഫിസിക്കൽ ഫയലുകൾ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റി അയച്ചുകൊടുത്താണ് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘ഒപ്പിനെക്കുറിച്ചാണല്ലോ പറയുന്നത്. ഒപ്പ് എന്റെ ഒപ്പാണ്. അന്ന് മലയാളഭാഷാ ദിനാചരണത്തിന്റെ ഫയൽ മാത്രമല്ല ഒപ്പിട്ടത്. സെപ്റ്റംബർ ആറ് എന്നൊരു ദിവസം 39 ഫയലുകൾ ഒപ്പിട്ടുണ്ട്. ഫയലുകൾ തിരിച്ചയച്ചതിന്റെ തെളിവുകൾ എന്റെ പക്കലുണ്ട്.’ മുഖ്യമന്ത്രി വിശദീകരിച്ചു. കൈയിലെ ഐപാഡ് ഉയർത്തി കാണിച്ച് തന്റെ കൈയിലും ഐപാഡുണ്ടെന്നും യാത്രകളിൽ താൻ അത് കൈയിൽ കരുതാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘യാത്രാവേളയിൽ എല്ലാദിവസവും ഫയലുകൾ അയയ്ക്കുമായിരുന്നു അത് നോക്കി അംഗീകരിക്കേണ്ടവ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട് തിരിച്ചയയ്ക്കാറുണ്ട്. അപ്പോൾ ഒപ്പിൽ യാതൊരു വ്യാജവുമില്ല’.-മുഖ്യമന്ത്രി പറഞ്ഞു.
വ്യാജ ഒപ്പ് സംബന്ധിച്ച ബിജെപിയുടെ ആരോപണം ഗൗരവതരമാണെന്ന മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തെ ചിരിച്ചുതള്ളിയ മുഖ്യമന്ത്രി ഒക്കച്ചങ്ങാതിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന് തോന്നിയിട്ടാണ് ബിജെപി പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചതെന്ന് പറഞ്ഞു.ബിജെപി പറയുന്നതിന് ബലം കൊടുക്കാൻ ഇടപെടുക എന്നൊരുനിലപാടാണ് യുഡിഎഫ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണ ഉന്നയിച്ച ആളുകൾക്ക് സാങ്കേതിക അറിയില്ലെങ്കിലും കുഞ്ഞാലിക്കുട്ടിയെ പോലെ ദീർഘകാലം മന്ത്രിയായിരുന്ന ഒരാൾക്ക് ഇതേക്കുറിച്ച് അറിയാതെ വരില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 2013 ഓഗസ്റ്റ് മുതൽ ഇ പ്രൊസസിങ് ഇ ഓഫീസ് സോഫ്റ്റ്വേർ വഴി നടത്താമെന്ന് സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. അന്നുമുതൽ സർക്കാരിന് ഇത്തരം ഫയലുകൾ ഇ ഓഫീസ് വഴി തീർപ്പാക്കാൻ സാധിക്കും. തിരുവനന്തപുരത്ത് നിന്ന് പുറത്തുപോകുന്ന സാഹചര്യങ്ങളിലെല്ലാം ഇത് ഉപയോഗിച്ചിട്ടുണ്ടെന്നും അതിൽ അപാകതയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫയലുകൾ ബിജെപി നേതാക്കളുടെ കൈയിൽ എങ്ങനെ കിട്ടിയെന്ന കാര്യം അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
്’2018 സെപ്തംബർ രണ്ടാം തീയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിൽ പോയി. തിരിച്ച് വരുന്നത് സെപ്തംബർ 23നാണ്. സെപ്തംബർ മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഒരു ഫയൽ എത്തുന്നു. മലയാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തിൽ നിന്നുള്ള ഒരു സാധാരണ ഫയലാണ് അത്. സെപ്തംബർ ഒമ്പതിന് മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പുവെച്ചിരിക്കുന്നു. മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് ഈ ഫയലിൽ ഒപ്പുവെച്ചിരിക്കുന്നത്. ഡിജിറ്റൽ സിഗ്നേച്ചറല്ല’ എന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല പിണറായി വ്യാജനാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇതിനാണ് മുഖ്യമന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.
Discussion about this post