തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. 2015 – 16 സാമ്പത്തിക വര്‍ഷം അടിസ്ഥാനമാക്കി അഞ്ചുവര്‍ഷത്തേക്ക് വിഹിതം നല്കുന്നതായിരിക്കുമെന്ന് ജിഎസ്ടി (കോമ്പന്‍സേഷന്‍ ആക്ട്) 2017 വഴി ഉറപ്പുനല്‍കിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഈ വിഹിതം മുടങ്ങിയിരിക്കുകയാണ്. ഇതുപ്രകാരം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കില്‍ കേരളത്തിന് 7,000 കോടി കിട്ടാനുണ്ടെന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഈയിടെ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വെച്ച്, ഈയിനത്തില്‍ വന്ന നഷ്ടത്തെ കൊവിഡ് മഹാമാരിയെന്ന ‘ദൈവിക നിയോഗ’മായി വേര്‍തിരിച്ച് കാണണമെന്ന് പറഞ്ഞത് ദുഃഖകരമാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുന്ന സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന ഭീമമായ സാമ്പത്തിക നഷ്ടത്തെ കേന്ദ്രം കാണണം. ജിഎസ്ടി നിലവില്‍ വരുന്നതിനായി സംസ്ഥാനങ്ങളുടെ സമ്മതിക്ക് ഉറപ്പുനല്‍കിയിരുന്നത് ഈ നഷ്ടപരിഹാര വിഹിതമാണെന്നും കത്തില്‍ ഓര്‍മിപ്പിച്ചു.
ഇതിനെ മറികടക്കാനായി കേന്ദ്രം കഴിഞ്ഞ മാസം ഓഗസ്റ്റ് 30ന് മുന്നോട്ടുവെച്ച രണ്ടിന കടമെടുക്കല്‍ നിര്‍ദ്ദേശം തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്, സംസ്ഥാനങ്ങളുടെ താല്പര്യങ്ങള്ക്ക് വിരുദ്ധവുമാണ്. പുതിയ നിര്‍ദ്ദേശ നടപടിക്രമങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകരുതെന്നും പകരം നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് നഷ്ടപരിഹാരത്തുക സംസ്ഥാനങ്ങള്‍ക്ക് ഉറപ്പുവരുത്തണമെന്നും കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
Discussion about this post