തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ മാസം പകുതിയോടെ രോഗബാധ മൂര്‍ധന്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ പരിശോധന നടത്തുന്നവരില്‍ 15 ല്‍ ഒരാള്‍ക്ക് കോവിഡ് കണ്ടെത്തുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സെപ്തംബര്‍ മാസം പകുതിയോടെ രോഗബാധ മൂര്‍ധന്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. പക്ഷേ സാഹചര്യം വിലയിരുത്തുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് മൂന്നാഴ്ചയായി യോഗം ചേര്‍ന്നിട്ടില്ല.
ഓണത്തിരക്കിനോട് അനുബന്ധിച്ച് രൂപപ്പെടാനിടയുള്ള പുതിയ ക്ളസ്റ്ററുകള്‍ നിയന്ത്രിക്കാനായാല്‍ മാസാവസാനത്തോടെ രോഗബാധാ നിരക്ക് കുറഞ്ഞു തുടങ്ങുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അതേസമയം, സംസ്ഥാനത്ത് ഔദ്യോഗിക മരണസംഖ്യ മുന്നൂറ് കടന്നു.
രണ്ടു ശതമാനത്തില്‍ നിന്ന് പോസിറ്റിവിറ്റി റേറ്റ് 7 ശതമാനം വരെ ഉയര്‍ന്നു. ജൂണില്‍ പരിശോധന നടത്തുന്ന 42 ല്‍ ഒരാള്‍ക്കും ജൂലൈയില്‍ 20 ല്‍ ഒരാള്‍ക്കും എന്ന കണക്കിലായിരുന്നു കോവിഡ് കണ്ടെത്തിയിരുന്നത്. ഇന്നലത്തെ കണക്കനുസരിച്ച് 15 ല്‍ ഒരാള്‍ പോസിറ്റീവ് എന്നു കണ്ടെത്തിയിട്ടുണ്ട്.
28 ന് പരിശോധനകളുടെ എണ്ണം 41000 കടന്നപ്പോള്‍ 2543 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് പരിശോധനകളുടെ എണ്ണം ദിവസവും കുറഞ്ഞ് ചൊവ്വാഴ്ച പതിനാലായിരമായി താഴ്ന്നു.
Discussion about this post