തിരുവനന്തപുരം: വൃക്ക തകരാറിലായി ചികിത്സയില്‍ കഴിയുന്ന നടി സേതുലക്ഷ്മിയമ്മയുടെ മകന് കിഡ്‌നി ദാനം ചെയ്യാന്‍ തയാറായി നടി പൊന്നമ്മ ബാബു.
ഇരുവൃക്കകളും തകരാറിലായ മകന്റെ ജീവന്‍ രക്ഷിക്കാന്‍ മലയാളിയ്ക്ക് മുന്നില്‍ കണ്ണീരോടെ ആ അമ്മ കൈകൂപ്പി നിന്നത് ഒട്ടേെറ പേരുടെ മനസ്സലിയിച്ചിരുന്നു.
ലക്ഷങ്ങള്‍ ചിലവ് വരുന്ന ശസ്ത്രക്രിയ്ക്ക് നിവര്‍ത്തിയില്ലെന്നും നല്ലവരായ നിങ്ങള്‍ സഹായിക്കണമെന്നുമായിരുന്നു സേതുലക്ഷ്മിയുടെ ആവശ്യം. ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയ്ക്കുള്ളിലും പുറത്തുമായി നിരവധി ആളുകളായിരുന്നു സേതുലക്ഷ്മിയ്ക്കും കുടുംബത്തിനും സഹായവുമായി എത്തിയിരുന്നത്.
അതില്‍ ശ്രദ്ധേയം നടി പൊന്നമ്മ ബാബുവാണ്. തന്റെ വൃക്ക വരെ നല്‍കാന്‍ തയ്യാറാണെന്നാണ് പൊന്നമ്മ ബാബു അറിയിച്ചിരിക്കുന്നത്.
ഇന്നാണ് ചേച്ചിയുടെ ആ വീഡിയോ ഞാന്‍ കണ്ടത്. ഞാനും ഒരമ്മയല്ലേ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഞാന്‍ അപ്പോള്‍ തന്നെ ഫോണെടുത്ത് ചേച്ചിയെ വിളിച്ചു. കാര്യങ്ങളൊക്കെ ചോദിച്ചു. കിഷോറിന് ഞാന്‍ കിഡ്‌നി തരാം എന്നു ചേച്ചിയോട് പറഞ്ഞു. അമ്പരപ്പായിരുന്നു ചേച്ചിക്ക്. ഒരുപാട് പേര്‍ വിളിച്ചിരുന്നു. പലരും എന്നോടുള്ള സ്‌നേഹം കൊണ്ട് സൗജന്യമായി കിഡ്‌നി തരാമെന്ന് പറഞ്ഞു. ഇപ്പോ നീയും… വാക്കുകളില്‍ സേതുലക്ഷ്മിയമ്മ ഇടറി.. നിറഞ്ഞ സന്തോഷത്തോടെയാണ് ഇക്കാര്യം ഞാന്‍ പറഞ്ഞത്. വാര്‍ത്തകളില്‍ നിറയാനൊന്നുമല്ല. എന്റെ കൂടപ്പിറപ്പുകളില്‍ ഒരാളാണ് സേതുലക്ഷ്മിയമ്മ. കിഷോറിന്റെ അവസ്ഥയില്‍ ആ അമ്മ വേദനിക്കുന്നത് എത്രത്തോളെമെന്ന് എനിക്കറിയാം.
ഒട്ടേറെ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. എനിക്ക് ഷുഗറൊക്കെ ഉണ്ട്. അതൊക്കെ ഇതിന് തടസമാണോ എന്ന് അറിയില്ല. പരിശോധനകള്‍ക്ക് പോകണം. ആ അമ്മയുടെ മകന് വേണ്ടി എന്റെ കിഡ്‌നി വേണമെങ്കില്‍ ഞാന്‍ കൊടുക്കും. അത് തീര്‍ച്ച. കേരളം ഒപ്പമുണ്ട്. എന്നെ പോലെ ഒരുപാട് പേര്‍ സമ്മതം അറിയിച്ച് വിളിച്ചതായി സേതുലക്ഷ്മിയമ്മ പറഞ്ഞിരുന്നു. എനിക്ക് ഉറപ്പുണ്ട്. കൂടുതല്‍ കരുത്തനായി കിഷോര്‍ മടങ്ങി വരും. പൊന്നമ്മ ബാബു പറയുന്നു.
ഫേസ്ബുക്ക് വഴി വൈറലായ സേതുലക്ഷ്മിയുടെ വീഡിയോ കണ്ടതോടെ സിനിമയ്ക്കുള്ളില്‍ നിന്നും അല്ലാതെയും നിരവധി ആളുകളായിരുന്നു സഹായവുമായി എത്തിയത്. നിങ്ങളുടെ എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ലഭിച്ചതോടെ മകനെ മെച്ചപ്പെട്ട ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇപ്പോഴത്തെ അവസ്ഥ തീരെ വഷളാണെന്നും സേതുലക്ഷ്മി വ്യക്തമാക്കിയിരുന്നു.
മലയാളിയുടെ കാരുണ്യപ്രവാഹത്തില്‍ 14 വര്‍ഷംനീണ്ട വേദനകളില്‍ നിന്നും കിഷോറും മടങ്ങി വരവിന് തയാറെടുക്കുകയാണ്. തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡില്‍ കിഷോറിനും സേതുലക്ഷ്മിയമ്മയ്ക്കും പുതിയ പ്രതീക്ഷകളാണുയരുന്നത്.
Discussion about this post