തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ റജിസ്ട്രേഷനും 14 ദിവസത്തെ ക്വാറന്റീനും തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കു പാസ് ഉള്‍പ്പെടെയുള്ള നിബന്ധനകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും കേരളത്തിലേക്കു വരുന്നവര്‍ക്കു കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴിയുള്ള റജിസ്ട്രേഷന് തുടരാനാണു തീരുമാനം.
യാത്രക്കാരുടെ വിവരങ്ങള്‍ അറിയാനും ക്വാറന്റീന് ഉറപ്പു വരുത്താനും മാത്രമാണു റജിസ്ട്രേഷനെന്നും യാത്രാനുമതി തേടേണ്ടതില്ലെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇളവുകള്‍ക്കു പിന്നാലെ ചില സംസ്ഥാനങ്ങള്‍ ക്വാറന്റീന് കാലാവധി ചുരുക്കുകയോ ഒഴിവാക്കുകയോ ചെയ്തെങ്കിലും രോഗവ്യാപന സാധ്യത കണക്കിലെടുത്തു ക്വാറന്റീനില്‍ ഇളവു നല്‍കേണ്ടതില്ലെന്നാണു കേരളത്തിന്റെ തീരുമാനം.
ഇതര സംസ്ഥാനങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തി മടങ്ങുന്നവരും ക്വാറന്റീന് നിബന്ധനകള്‍ പാലിക്കണം. സംസ്ഥാനത്ത് കഴിഞ്ഞദിവസം 1547 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2129 പേര് കോവിഡ് മുക്തരായി. കഴിഞ്ഞ ദിവസങ്ങളിലെ 7 മരണം കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ ആകെ മരിച്ചവര്‍ 305 ആയി.
Discussion about this post