ചാലക്കുടി: ‘അമരം’ സിനിമയിലെ അച്ചൂട്ടിയുടെ പ്രിയഡോക്ടര്‍ വിടവാങ്ങി. മകള്‍ മുത്തുവിനെ ആനിഡോക്ടറെപ്പോലെ വലിയ ഡോക്ടറാക്കണം എന്ന് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടി പറയുന്നത് കേള്‍ക്കാം. അന്തരിച്ച ചാലക്കുടിക്കാരനായ സംവിധായകന്‍ ലോഹിതദാസ് ഈ സംഭാഷണത്തിലൂടെ തന്റെ നാട്ടുകാരിയായ ആനിഡോക്ടറെയാണ് സൂചിപ്പിച്ചത്.
99-ാം വയസ്സിലാണ് ആനി വിടവാങ്ങിയത്. സ്വന്തം അമ്മയുടെ പ്രസവത്തിന് മേല്‍നോട്ടം വഹിക്കുക എന്ന അപൂര്‍വ അവസരം കിട്ടിയ ഡോക്ടറാണ് ആനി ജോണ്‍. ഉള്ളാട്ടിക്കുളം പരേതനായ ഡോ. ഒ.സി. ജോണിന്റെ ഭാര്യയാണ്. വൈപ്പിന്‍ മഴുവഞ്ചേരി പുതുശ്ശേരി എബ്രഹാമിന്റെയും ചേര്‍ച്ചിയുടെയും 11 മക്കളില്‍ മൂത്തമകളായിരുന്നു ആനി ജോണ്‍.
ചേര്‍ച്ചിയുടെ 11-ാമത്തെ പ്രസവത്തിനാണ് മകള്‍ അമ്മയുടെ ഡോക്ടറായത്. ആനിയെ പ്രസവിക്കുമ്പോള്‍ ചേര്‍ച്ചിക്ക് 16 വയസ്സായിരുന്നു. 11-ാമത്തെ പ്രസവം 46-ാം വയസ്സിലും. ആനി ജോണ്‍ 69-ാം വയസ്സില്‍ ഡ്രൈവിങ് ലൈസന്‍സ് നേടിയത് ചാലക്കുടിയില്‍ വലിയ വാര്‍ത്തയായിരുന്നു.
ചാലക്കുടിയിലെ കായികരംഗത്തും സജീവമായിരുന്നു. ചാലക്കുടിയിലെ സ്വന്തം ആശുപത്രിയായ ജെ.എ.യില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നഴ്‌സിങ് പരിശീലിപ്പിച്ചിരുന്നു. 1968-ല്‍ ചാലക്കുടിയില്‍ ലയണ്‍സ് ക്ലബ്ബ് രൂപവത്കരിച്ചത് ഡോ. ആനി ജോണിന്റെ നേതൃത്വത്തിലായിരുന്നു.
1961 മുതല്‍ തൃശ്ശൂര്‍ ലയണ്‍സ് ക്ലബ്ബ് അംഗമായിരുന്നു. ലയണ്‍സ് ക്ലബ്ബിന്റെ യോഗങ്ങളില്‍ മുടങ്ങാതെ എട്ടുമാസംമുമ്പുവരെ പങ്കെടുത്തിരുന്നു. രണ്ടാഴ്ച മുമ്പുവരെ ആരോഗ്യവതിയായി കര്‍മരംഗത്തുണ്ടായിരുന്നു. ചെറായി രാമവര്‍മ യൂണിയന്‍ സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.