കാഞ്ഞങ്ങാട്; കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആശ്വാസം പകരാന്‍ പിപിഇ കിറ്റ് ധരിച്ച് നൃത്തം ചെയ്ത് ഒരു ഡോക്ടര്‍. ഡോക്ടറുടെ നൃത്തം പകര്‍ത്തി സഹപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടതോടെ സംഭവം വൈറലായി.
ഡോ. ശ്രീജിത്ത് കൃഷ്ണനാണ് കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന തന്റെ രോഗികള്‍ക്ക് വേണ്ടി ചുവടുകള്‍ വച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റാണ് ശ്രീജിത്ത്. കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യം ബാധിച്ചവര്‍ക്കു സന്തോഷം പകരാനാണ് പിപിഇ കിറ്റ് ധരിച്ച് പരിശോധനയ്‌ക്കെത്തിയ ഡോക്ടര്‍ നൃത്തം ചവിട്ടിയത്.
മാനസികാസ്വാസ്ഥ്യമുള്ളവരെ പാര്‍പ്പിക്കുന്ന പെരിയയിലെ അഭയ കേന്ദ്രത്തിലുണ്ടായിരുന്ന 15 പേരെയാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്നു ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. ഇവര്‍ക്കായി പടന്നക്കാട് കാര്‍ഷിക കോളജിലെയും കണ്ണൂര്‍ സര്‍വ്വകലാശാല പാലാത്തടം ക്യാംപസിലെയും ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളില്‍ പ്രത്യേക സംവിധാനമൊരുക്കിയാണ് ചികിത്സ നല്‍കുന്നത്.
ഇവരെ പരിശോധിക്കാനെത്തിയപ്പോഴാണ് ഡോക്ടര്‍ രോഗികളുടെ സന്തോഷത്തിനായി നൃത്തം വച്ചത്. ‘ അവരെ സന്തോഷിപ്പിക്കുക മാത്രമാണ് ലക്ഷ്യമുണ്ടായിരുന്നത്. അപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. 15 പേരും ആരോഗ്യത്തോടെ ഇരിക്കുന്നു’ ഡോ. ശ്രീജിത്ത് കൃഷ്ണന്‍ പറഞ്ഞു. നൃത്തം ചെയ്യുന്ന ഡോക്ടറുടെ വീഡിയോ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.