തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി ഡോ. വിശ്വാസ് മേത്ത. അണ്‍ലോക്ക് നാലാംഘട്ടം പ്രകാരം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു ലോക്ക് ഡൗണ്‍ തുടരുകയും മറ്റു സ്ഥലങ്ങളില്‍ ഘട്ടങ്ങളായി ഇളവുകള്‍ അനുവദിക്കുകയും ചെയ്യും.
എല്ലാ കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവികളും കൊവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായുള്ള ഈ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നോട്ടിഫൈ ചെയ്യുന്ന നിലവിലെ രീതി തുടരും.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോലീസ്, ആരോഗ്യ അധികൃതര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ നടപ്പാക്കല്‍ കളക്ടര്‍മാര്‍ ഉറപ്പാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ അതിനുള്ള നടപടികള്‍ക്ക് കളക്ടര്‍മാര്‍ക്ക് ഉത്തരവ് അധികാരം നല്‍കിയിട്ടുമുണ്ട്.