പുതുക്കോട്: പ്രകൃതി ഭംഗി ആസ്വദിച്ച് മദ്യപിക്കാനായി ഉയർന്ന പാറപ്പുറത്ത് വലിഞ്ഞ് കയറി ഒടുവിൽ പണി വാങ്ങി യുവാവ്. മദ്യപിച്ച് അവശനായതോടെ യുവാവിനെ താഴെയിറക്കാൻ അഗ്നിരക്ഷാസേന എത്തേണ്ടി വന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ മണപ്പാടം മലങ്കാട് പാറപ്പുറത്താണ് സംഭവം.
70 അടിയോളം ഉയരമുള്ളതും ചെങ്കുത്തായതുമായ പാറപ്പുറത്താണ് 32കാരനായ യുവാവ് മദ്യപിച്ച് അവശനായ നിലയിൽ കിടപ്പായത്. അവശനിലയിലായ സുഹൃത്തിനെ ചെങ്കുത്തായ പാറപ്പുറത്തുനിന്ന് ഇറക്കാൻ കഴിയാതായതോടെ കൂട്ടുകാർ അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളെത്തി സ്ട്രെച്ചറിൽ കിടത്തി സാഹസികമായാണ് യുവാവിനെ താഴെയെത്തിച്ചത്.
ആലത്തൂർ താലൂക്കാശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഗോപകുമാർ നേതൃത്വം നൽകി.
Discussion about this post