ആലപ്പുഴ: ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് സിപിഎം സംസ്ഥാനത്തൊട്ടാകെ കരിദിനം ആചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഫേസ്ബുക്കിലൂടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദുഃഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. എന്നാൽ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽ തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ വെട്ടേറ്റ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ബ്രാഞ്ച് അടിസ്ഥാനത്തിൽ കരിദിനം ആചരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിരുന്നു. ഇതിനോടാണ് വെള്ളാപ്പള്ളിയുടെ പ്രതിഷേധം.