തിരുവനന്തപുരം: വെഞ്ഞാറമൂട് സിപിഎം പ്രവർത്തകരെ കോൺഗ്രസ് അണികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ നിസാരവത്കരിച്ചും ന്യായീകരിച്ചും കെപിസിസിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന നേതൃത്വം. കോൺഗ്രസ് എംപി കെ സുധാകരൻ പരസ്യമായി കൊലവിളി നടത്തിയപ്പോൾ സിപിഎമ്മിനെ തന്നെ പ്രതിയാക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ശ്രമിക്കുന്നത്.
ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം ആവർത്തിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിട്ടുണ്ട്. കേസിൽ ഗൂഢാലോചനയുണ്ടെന്നും അത് തെളിയിക്കണമെന്നുമാണ് മുല്ലപ്പള്ളിയുടെ ആവശ്യം. വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയ കൊലപാതകമല്ല. പക്ഷെ അതിന് ശേഷം കോൺഗ്രസിനെതിരെ സംഘടിത ആക്രമണം നടക്കുകയാണ്. കേസ് സർക്കാരിന് കിട്ടിയ കച്ചിത്തുരുമ്പാണെന്നും പറഞ്ഞ മുല്ലപ്പള്ളി അന്വേഷണ സംഘത്തിനെതിരേയും ആരോപണം ഉന്നയിക്കുകയാണ്. റൂറൽ എസ്പിയുടെ കഴിഞ്ഞകാല റെക്കോർഡുകൾ പരിശോധിക്കണമെന്നൊക്കെയാണ് മുല്ലപ്പള്ളിയുടെ ആവശ്യം.
കേസുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഇറങ്ങി അടൂർ പ്രകാശിനെതിരെ വിടുവായത്തം പറയുകയാണെന്നും കൊലപാതക കേസിൽ വലിയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇതോടൊപ്പെ പിരിവെടുക്കാൻ കിട്ടിയ മറ്റൊരു അവസരമാണ് സിപിഎമ്മിന് ഇരട്ടക്കൊലപാതക കേസെന്നും മുല്ലപ്പള്ളി ആക്ഷേപിക്കാനും മറന്നില്ല.
അതേസമയം, ഇത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആക്ഷേപം. ഇരട്ടക്കൊലപാതകത്തിൻറെ പേരിൽ അടൂർ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല നിലപാടെടുത്തു. അടൂർ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളെ സംരക്ഷിക്കുകയോ പോറ്റി വളർത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോൺഗ്രസെന്നും ചെന്നിത്തല അവകാശപ്പെട്ടു.
”അടൂർ പ്രകാശിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് നീക്കം നടക്കുന്നത്. കൊലപാക കേസുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാൻ എന്ത് തെളിവാണ് കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളത്. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന നയമല്ല കോൺഗ്രസിന് ഉള്ളത്. വെഞ്ഞാറമൂട് കേസിൽ അറസ്റ്റിലായവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ നടപടി എടുക്കേണ്ടത് ഡിസിസിയാണ്. ഇത് രാഷ്ട്രീയ കൊലപാതകം അല്ലെന്നും രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണ്”-പ്രതിപക്ഷ നേതാവ് ആരോപിച്ചു.
തിരുവോണദിനം അർദ്ധരാത്രിയാണ് വെഞ്ഞാറമൂട്ടിൽ സിപിഎം പ്രവർത്തകരായ രണ്ട് യുവാക്കളെ വെട്ടി കൊലപ്പെടുത്തിയത്. വെമ്പായത്തുനിന്നും തേമ്പാമൂട് വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദും മിഥിലാജിനേയും ഷെഹിനേയും മൂന്ന് ബൈക്കുകളിലായെത്തിയ അക്രമി സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മാരകമായി വെട്ടേറ്റ ഹഖ് മുഹമ്മദിനെ ഗോകുലം മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷെഹിൻ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
Discussion about this post