ദീപയെപ്പോലെ ഊതി വീര്‍പ്പിക്കപ്പെട്ട ഒരാളല്ല ശ്രീചിത്രന്‍! ‘ദീപ മലയാള സാഹിത്യം കുത്തിയിരുന്ന് വായിക്കണം, അപ്പോള്‍ എഴുത്തുകാരിയാണെന്ന അഹങ്കാരം കുറഞ്ഞുവരും; ശേഷം ശ്രീചിത്രനെ ഡോക്ടറെ കാണിക്കാം’; ഷെരീഫ് സാഗര്‍

തൃശ്ശൂര്‍: കവിതാമോഷണ വിവാദത്തില്‍ ശ്രീചിത്രന്‍ എംജെയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകന്‍ ഷെരീഫ് സാഗര്‍. ദീപയെപ്പോലെ ഊതി വീര്‍പ്പിക്കപ്പെട്ട ഒരാളല്ല ചിത്രന്‍ എന്ന കാര്യത്തില്‍ സംശയമില്ല. സര്‍ഗ്ഗാത്മകത അംഗീകരിക്കപ്പെടാന്‍ സാരി ചുറ്റി അടുത്തുകൂടേണ്ട പത്രാധിപരും പ്രസാധകരുമുള്ള മലയാളത്തില്‍ ദീപ മൗലികമായി എന്തെങ്കിലും എഴുതിയിട്ടല്ല എഴുത്തുകാരിയായത് എന്നും ഷെരീഫ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ദീപ ആദ്യം ചെയ്യേണ്ടത് കലേഷിനെ നേരിട്ടു കണ്ട് കാലുപിടിച്ച് മാപ്പു പറയുകയാണ്. പിന്നെ മിനിമം മലയാള സാഹിത്യമെങ്കിലും കുത്തിയിരുന്ന് വായിച്ചു തുടങ്ങണം. അപ്പോള്‍ പതിയെ എഴുത്തുകാരിയാണെന്ന അഹങ്കാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. ഫേസ്ബുക്കില്‍ മഴക്കുളിര് എഴുതുന്ന പോലെയല്ല സര്‍ഗാത്മകമായ എഴുത്ത് എന്ന് അപ്പോള്‍ അറിയും. അങ്ങനെ നിങ്ങള്‍ നല്ലൊരു എഴുത്തുകാരിയാവണം. അതിനു ശേഷം നമുക്ക് ശ്രീചിത്രനെ ഡോക്ടറെ കാണിക്കാന്‍ പോകാം’

ചാനലില്‍ ഇരുന്ന് ദയനീയമായി സംസാരിക്കുന്ന ദീപയെ ഇപ്പോഴും കണ്ടു. ശ്രീചിത്രന് ചികിത്സ ആവശ്യമുള്ള രോഗമുണ്ടെന്നും ആരെയും വശീകരിക്കുന്ന നുണ പറയാന്‍ അവനു കഴിയുമെന്നും ദീപ പറയുന്നു. പ്രിയ ഗുരുനാഥന്‍ വിജു സാര്‍ മുതല്‍ പലരും വീണു പോയ ചിത്രനെ ചവിട്ടുന്നതും കണ്ടു.

അതേസമയം, പാലക്കാട് വിക്ടോറിയയില്‍ പഠിക്കുന്ന കാലം തൊട്ടേ ശ്രീചിത്രന്‍ അടുത്ത സുഹൃത്താണ്. എല്ലാവരോടുമെന്ന പോലെ സുഹൃത്തായ എന്നോടും അവന്‍ നുണകള്‍ പറഞ്ഞിട്ടുണ്ട്. ജീവിത സാഹചര്യങ്ങളാണ് ശ്രീചിത്രനെ നുണയനാക്കിയത് എന്നു വിശ്വസിക്കുന്ന ആളാണു ഞാന്‍.

നുണകള്‍ കൊണ്ട് ജീവിതത്തോട് പൊരുതുമ്പോഴും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള പാടവം അവനുണ്ടായിരുന്നു. ചെറുപ്പത്തില്‍ അവനെഴുതിയ ഡയറിക്കുറിപ്പുകളില്‍ പതംവന്ന ഒരെഴുത്തുകാരന്റെ ഭാഷയുണ്ട്. എഴുതാന്‍ അറിയാത്തതുകൊണ്ട് മോഷ്ടിക്കാന്‍ മാത്രം ദാരിദ്ര്യം അവനില്ലെന്നും ഷെരീഫ് കുറിപ്പില്‍ പറയുന്നു.


”ഊതിവീർപ്പിച്ച ബലൂണുകൾ പൊട്ടുക തന്നെ ചെയ്യും എന്നതിന് ഉദാഹരണമാണ് ദീപ നിശാന്ത്. ചാനലിൽ ഇരുന്ന് ദയനീയമായി സംസാരിക്കുന്ന ദീപയെ ഇപ്പോഴും കണ്ടു. ശ്രീചിത്രന് ചികിത്സ ആവശ്യമുള്ള രോഗമുണ്ടെന്നും ആരെയും വശീകരിക്കുന്ന നുണ പറയാൻ അവനു കഴിയുമെന്നും ദീപ പറയുന്നു. പ്രിയ ഗുരുനാഥൻ വിജു സാർ മുതൽ പലരും വീണു പോയ ചിത്രനെ ചവിട്ടുന്നതും കണ്ടു.

പാലക്കാട് വിക്ടോറിയയിൽ പഠിക്കുന്ന കാലം തൊട്ടേ ശ്രീചിത്രൻ എന്റെ അടുത്ത സുഹൃത്താണ്. അന്നേ അവന്റെ വൈകല്യങ്ങളെയും നന്മകളെയും അടുത്തറിഞ്ഞിട്ടുണ്ട്. എല്ലാവരോടുമെന്ന പോലെ സുഹൃത്തായ എന്നോടും അവൻ നുണകൾ പറഞ്ഞിട്ടുണ്ട്. ജീവിത സാഹചര്യങ്ങളാണ് ശ്രീചിത്രനെ നുണയനാക്കിയത് എന്നു വിശ്വസിക്കുന്ന ആളാണു ഞാൻ. നുണകൾ കൊണ്ട് ജീവിതത്തോട് പൊരുതുമ്പോഴും സാമൂഹിക യാഥാർത്ഥ്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും വിശകലനം ചെയ്യാനുമുള്ള പാടവം അവനുണ്ടായിരുന്നു. കഥകളി എന്താണെന്നറിയാത്ത എനിക്ക് അതിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചു തന്നത് ശ്രീചിത്രനാണ്. തിരുമാന്ദാംകുന്ന് ഉൾപ്പെടെ ക്ഷേത്രങ്ങളിൽ പോയി കളി കാണാനും കഥകളി ക്യാമ്പുകളിൽ പങ്കെടുക്കാനും അവൻ എനിക്ക് കൂട്ടുണ്ടായിരുന്നു. കഥകളിയെക്കുറിച്ച് ആധികാരികമായി മലയാളത്തിൽ എഴുതാനും പറയാനും കഴിയുന്ന ഒരാളാണ് ശ്രീചിത്രൻ.

എന്റെ വീട്ടിലേക്കെന്ന പോലെ ഞാൻ കയറിച്ചെന്നിരുന്ന വീടായിരുന്നു ശ്രീചിത്രന്റേത്. നോമ്പുകാലത്ത് അവന്റെ വീട്ടിൽ പാർക്കുമ്പോൾ അമ്മ എനിക്കു വിളമ്പി വെച്ച് അത്താഴത്തിനു വിളിച്ചിരുന്നത് ഇപ്പോഴും ഓർക്കാറുണ്ട്. എത്രയോ രാത്രികളിൽ വിക്ടോറിയയുടെ മുറ്റത്ത് ഞങ്ങൾ ആകാശം നോക്കി കിടന്നിട്ടുണ്ട്. ആദ്യത്തെ കിളി ചിലയ്ക്കന്നതു വരെയും മുത്തശ്ശി മരത്തിന്റെ ചുവട്ടിലിരുന്ന് രാത്രി വെളുപ്പിച്ചുണ്ട്. പ്രളയകാലത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ചെറുപ്പക്കാരെ ഏകോപിപ്പിക്കുന്നതിന് ശ്രീചിത്രൻ മുന്നിലുണ്ടായിരുന്നു. നല്ല മലയാളത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രളയാനുഭവം എഴുതിയതും വായിച്ചതാണ്. എഴുതാൻ അറിയാത്തതുകൊണ്ട് മോഷ്ടിക്കാൻ മാത്രം ദാരിദ്ര്യം അവനില്ലെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം, ചെറുപ്പത്തിൽ അവനെഴുതിയ ഡയറിക്കുറിപ്പുകളുടെ പുസ്തകം ഇപ്പോഴും എന്റെ കൈവശമുണ്ട്. പതംവന്ന ഒരെഴുത്തുകാരന്റെ ഭാഷ ആ വരികളിൽ ഉണ്ടെന്ന് വീണ്ടും എടുത്തുവായിച്ചപ്പോൾ തോന്നി. രാഷ്ട്രീയമായി എതിർ ചേരിയിൽ നിൽക്കുമ്പോഴും സാഹിത്യത്തെയും ലോകത്തെയും കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്കിടയിൽ വാക്കുകൾ തടസ്സമായിരുന്നില്ല.

ദീപയെപ്പോലെ ഊതി വീർപ്പിക്കപ്പെട്ട ഒരാളല്ല ചിത്രൻ എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. സർഗ്ഗാത്മകത അംഗീകരിക്കപ്പെടാൻ സാരി ചുറ്റി അടുത്തുകൂടേണ്ട പത്രാധിപരും പ്രസാധകരുമുള്ള മലയാളത്തിൽ ദീപ മൗലികമായി എന്തെങ്കിലും എഴുതിയിട്ടല്ല എഴുത്തുകാരിയായത് എന്ന പൂർണ്ണ ബോദ്ധ്യം എനിക്കുണ്ട്. വിൽക്കാൻ പാകമായ പേരും പ്രശസ്തിയുമുണ്ടാക്കിയിട്ട് പുസ്തകമെഴുതിയാൽ പോരേ എന്നു എന്നോട് ചോദിച്ച പ്രസാധകനുണ്ട്. പേര് ബ്രാൻഡ് ചെയ്യാതെ വിൽപന നടക്കില്ലെന്നായിരുന്നു അയാളുടെ സങ്കടം. ആരെങ്കിലും എഴുതിയത് പകർത്തി ആർ.എസ്.എസ്സിന്റെ തെറി കേട്ട് പേരു സമ്പാദിക്കുന്ന പോലെ എളുപ്പമുള്ള ഒന്നല്ല മൗലികമായ എഴുത്ത് എന്ന് ദീപയോ ദീപയെ കൊണ്ടാടുന്നവരോ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. ജീവരക്തം കൊണ്ട് എഴുതി വലുതായവർക്കൊപ്പം ദീപയെ ഇരുത്തുകയും പറയുകയും ചെയ്യുന്നതിലെ അശ്ലീലം മുമ്പൊരു സാഹിത്യകാരനോട് സൂചിപ്പിച്ചപ്പോൾ അയാളെന്നോട് ചൂടായി. ദീപയെ പ്രമോട്ട് ചെയ്യുന്നതിൽ പ്രമുഖനാണ് ആ സാഹിത്യകാരൻ എന്ന് പിന്നീടാണ് മനസ്സിലായത്. ഒരു വരി എഴുതാനിരിക്കുമ്പോൾ ഭാഷയുടെ വളർച്ചക്കായി നൂറ്റാണ്ടുകൾക്ക് മുമ്പേ എഴുത്താണി പിടിച്ചവരെ ഓർക്കണം കെട്ടോ എന്ന് ഇതേ സാഹിത്യകാരൻ പ്രസംഗിച്ചതു ഞാൻ കേട്ടിട്ടുമുണ്ട്. പൈങ്കിളികൾ പാറിക്കളിക്കുന്ന ഓർമ്മക്കുറിപ്പുകളല്ലാതെ മലയാളത്തിൽ ദീപയുടേതായിട്ട് ഒന്നുമില്ലെന്ന് അറിയാമായിരുന്നിട്ടും അയാൾ ദീപയെ പൊക്കിയത് നിങ്ങളുടെ രാഷ്ട്രീയത്തിൽ സത്യസന്ധതയുണ്ടെന്ന് കരുതിയിട്ടായിരിക്കും. തലമൂത്ത സാഹിത്യകാരന്മാർ ഏറെയുണ്ടായിട്ടും സ്‌റ്റേജിലും പേജിലും നിങ്ങളെ പൊക്കി വെച്ചവർ നിങ്ങളുടെ മാർക്കറ്റ് വാല്യൂ മാത്രമേ നോക്കിയിട്ടുള്ളൂ എന്നത് ഇനിയെങ്കിലും അറിയണം.

ആരോ എഴുതിക്കൊടുത്ത കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു എന്ന കുറ്റം ശ്രീചിത്രനെ ചവിട്ടിത്തേച്ചതുകൊണ്ട് ഇല്ലാതാകുന്നില്ല. ആരുടെയോ വരികൾ ഒരു ഉളുപ്പുമില്ലാതെ സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ കൊടുത്തു എന്നുവെച്ചാൽ ആ അക്ഷരത്തെയും സാഹിത്യത്തെയും വെറുമൊരു ചരക്കായിട്ടേ നിങ്ങൾ കാണുന്നുള്ളൂ എന്നാണർത്ഥം. ദീപ ആദ്യം ചെയ്യേണ്ടത് കലേഷിനെ നേരിട്ടു കണ്ട് കാലുപിടിച്ച് മാപ്പു പറയുകയാണ്. പിന്നെ മിനിമം മലയാള സാഹിത്യമെങ്കിലും കുത്തിയിരുന്ന് വായിച്ചു തുടങ്ങണം. അപ്പോൾ പതിയെ എഴുത്തുകാരിയാണെന്ന അഹങ്കാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെടും. ആ ഘട്ടമെത്തിയാൽ മൗലികമായി എന്തെങ്കിലും എഴുതാൻ ശ്രമിക്കണം. എഴുതാനിരിക്കുമ്പോൾ ചോരയും കണ്ണീരും വാർത്ത് മലയാളത്തെ മലയാളമാക്കിയ മഹാകവികളെ, കഥാകൃത്തുക്കളെ, നോവലിസ്റ്റുകളെ ഓർക്കണം. ഫേസ്ബുക്കിൽ മഴക്കുളിര് എഴുതുന്ന പോലെയല്ല സർഗാത്മകമായ എഴുത്ത് എന്ന് അപ്പോൾ അറിയും. അങ്ങനെ നിങ്ങൾ നല്ലൊരു എഴുത്തുകാരിയാവണം. അതിനു ശേഷം നമുക്ക് ശ്രീചിത്രനെ ഡോക്ടറെ കാണിക്കാൻ പോകാം.
-ഷെരീഫ് സാഗർ”

Exit mobile version