വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ്സ് നേതൃത്വം ആസൂത്രണം ചെയ്തത്; കൊല്ലപ്പെട്ടവരെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിക്കാനാണ് കെപിസിസി പ്രസിഡന്റ് ശ്രമിച്ചത്; വിമര്‍ശിച്ച് സിപിഎം

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദും മിഥിലജും നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവം കോണ്‍ഗ്രസ്സ് നേതൃത്വം ആസൂത്രണം ചെയ്തതാണെന്ന് സിപിഎം. കൊലപാതകം നടത്തിയവരേയും ഗൂഡാലോചന നടത്തിയവരേയും കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സ് നേതൃത്വം ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് ശ്രമിക്കുന്നത്. ഈ കൊലപാതകത്തെ ന്യായികരിച്ചുകൊണ്ടുള്ള നിലപാടാണ് കെപിസിസി പ്രസിഡന്റ് സ്വീകരിച്ചത് എന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

രക്തസാക്ഷികളെ ഗുണ്ടകളെന്ന് പറഞ്ഞ് അപമാനിക്കാനാണ് കെപിസിസി പ്രസിഡന്റ് ഈ സന്ദര്‍ഭം ഉപയോഗിച്ചത് ഇത് അത്യന്തം അപലപനീയമാണ്. ഒരോ പ്രശ്‌നങ്ങളിലും അവര്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ നിരാശരായി പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇവരുടെ പ്രകോപനത്തില്‍ പെട്ടുപോകാതെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകന്മാര്‍ മുന്‍കയ്യെടുത്ത് പ്രവര്‍ത്തിക്കണം. കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സെപ്തംബര്‍ 2 ന് ആഹ്വാനം ചെയ്ത കരിദിനം വമ്പിച്ച വിജയമാക്കണം.

കൊവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് പാര്‍ട്ടി ബ്രാഞ്ച് അടിസ്ഥാനത്തില്‍ വിവിധ കേന്ദ്രങ്ങളിലായി 5 പേര്‍ ഒരു കേന്ദ്രത്തില്‍ അധികരിക്കാത്തവിധം കറുത്ത ബാഡ്ജ് ധരിച്ച് വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ ധര്‍ണ്ണാ സമരം സംഘടിപ്പിക്കണം. സമര കേന്ദ്രങ്ങളില്‍ രക്തസാക്ഷികളായ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും ഫോട്ടോകള്‍ സ്ഥാപിച്ച് പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് പരിപാടികള്‍ നടത്തേണ്ടത്. കൊലപാതക സംഘമായ യുഡിഎഫിനെതിരെ വമ്പിച്ച ബഹുജന രോഷമായി കരിദിനാചരണ പരിപാടി മാറണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

Exit mobile version