തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും മരണത്തില്‍ കോണ്‍ഗ്രസുകാരായ നാല് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആറ് പേരെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
ഇതില്‍ ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൃത്യത്തിന്റെ ആസൂത്രണത്തിലും പ്രതികളെ സഹായിച്ചതിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഖ്യ പ്രതികളായ സജീവ്, സനല്‍ എന്നിവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
അന്‍സാര്‍, ഉണ്ണി എന്നിവരാണ് ഇനി പിടിയിലാവാനുള്ളത്. ഇവര#്ക്കായുള്ള അന്വേഷണം പോലീസ് ഊര്ജിതമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് സംഭവത്തിന് പിന്നിലെന്നതിന് കൂടുതല്‍ വ്യക്തതയും പോലീസിന് വന്നിട്ടുണ്ട്.
കൊല്ലപ്പെട്ട മിഥിലാജ് ഡി.വൈ.എഫ്.ഐ. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയും, ഹഖ് മുഹമ്മദ് സി.പി.എം. കലിങ്ങിന്മുഖം ബ്രാഞ്ച് അംഗവുമാണ്.
ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ഹക്കിം മുഹമ്മദും, മിഥിലാജും പലവിധ തൊഴിലുകള്‍ ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. ഇരുവരും നന്നായി അധ്വാനിക്കുമായിരുന്നു. മിഥിലാജിനു നേരത്തെ കുപ്പിവെള്ളം വിവിധ കടകളിലെത്തിക്കുന്ന തൊഴിലായിരുന്നു.
എന്നാല്‍ കോവിഡ് സീസണായപ്പോള്‍ പച്ചക്കറി കച്ചവടത്തിലേക്ക് മാറി. അഞ്ചും ഏഴും വയസായ രണ്ട് മക്കളും ഭാര്യയും വാപ്പയും ഉമ്മയും അടങ്ങുന്നതാണ് മിഥിലാജിന്റെ കുടുംബം. കുടുംബത്തിത്തിന്റെ ഏക ആശ്രയമാണ് കഴിഞ്ഞ ദിവസം ഇല്ലാതായത്. ഹക്കിം മുഹമ്മദ് നേരത്തെ വെമ്പായത്ത് കട നടത്തിയിരുന്നു.
ഇപ്പോള്‍ മത്സ്യം കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഒന്നര വയസുള്ള കുട്ടിയുണ്ട്. മാത്രമല്ല ഭാര്യ നാലു മാസം ഗര്‍ഭിണിയുമാണ്. അപ്രതീക്ഷിതമായുണ്ടായ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ബന്ധുക്കളും നാട്ടുകാരും ഇനിയും മുക്തരായിട്ടില്ല.
Discussion about this post