നെടുമ്പാശേരി: ഇത്തവണ പച്ചക്കറികള്‍ കേരളത്തില്‍ നിന്നും വിദേശത്തേക്ക് എത്തിയത് വിമാനത്തിന്റെ സീറ്റില്‍ യാത്രക്കാരെ പോലെ ഗമയിലിരുന്നുകൊണ്ട്. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം വിമാനങ്ങള്‍ കുറവായതിനാല്‍ ഗള്‍ഫില്‍ വേണ്ടത്ര പച്ചക്കറികള്‍ കേരളത്തില്‍ നിന്ന് എത്തിക്കാനായില്ല.
വിമാനത്തില്‍ യാത്രക്കാരെ പോലെ പറന്ന് എത്തിയ പച്ചക്കറികള്‍ക്കാവട്ടെ കൂടുതല്‍ വിലയും നല്‍കേണ്ടി വന്നു. യാത്രാ വിമാനങ്ങള്‍ കുറവായതിനാല്‍ പച്ചക്കറികള്‍ കൊണ്ടു വരാന്‍ മാത്രം പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തേണ്ടി വന്നു. കേരളത്തിലേക്കുള്ള വിമാനങ്ങളില്‍ അഞ്ചോ പത്തോ ടണ്‍ ചരക്ക് മാത്രമാണ് ഉണ്ടാവുക.
സ്വാഭാവികമായും യാത്രക്കൂലിയും കൂടി. എമിറേറ്റ്സ് വിമാനങ്ങളില്‍ സാധാരണ യാത്രക്കാരുള്ളപ്പോള്‍ 25 ടണ്‍ വരെ പച്ചക്കറികളാണ് കൊണ്ടുപോയിരുന്നതെങ്കില്‍ യാത്രക്കാരില്ലാതെ 60 ടണ്‍ വരെ പച്ചക്കറികള്‍ കയറ്റി. വിമാനത്തിന്റെ സീറ്റുകള്‍ അഴിച്ചുമാറ്റി അവിടെ പച്ചക്കറികള്‍ നിറച്ചായിരുന്നു യാത്ര.
സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഫ്ലൈദുബായ് വിമാനങ്ങളില്‍ വിമാനത്തിന്റെ സീറ്റുകളില്‍ യാത്രക്കാര്‍ക്കു പകരം പച്ചക്കറിപ്പെട്ടികള്‍ വച്ചാണ് പറന്നത്. സാധാരണ 3 മുതല്‍ 5 ടണ്‍ വരെ ചരക്കുകള്‍ കൊണ്ടു പോയിരുന്ന വിമാനങ്ങളില്‍ 20 മുതല്‍ 25 ടണ്‍ വരെ പച്ചക്കറികള്‍ ഇത്തരത്തില്‍ കയറ്റി.
ഓഗസ്റ്റ് 15 മുതല്‍ 30 വരെ 1,448 ടണ്‍ പഴങ്ങളും പച്ചക്കറികളുമാണ് കൊച്ചിയില്‍ നിന്നു മാത്രം ഗള്‍ഫിലേക്കു പറന്നത്. ശരാശരി 90 ടണ്‍. മുന്‍ വര്‍ഷങ്ങളില്‍ ശരാശരി 160 ടണ്‍ വരെ കയറ്റിയയച്ചിരുന്ന സ്ഥാനത്താണ് കോവിഡ് പ്രതിസന്ധിയില്‍ പച്ചക്കറി കയറ്റുമതിയും കുറഞ്ഞത്. 25നും 27നുമായിരുന്നു ഏറ്റവുമധികം പച്ചക്കറികള്‍ കൊച്ചിയില്‍ നിന്ന് പറന്നത്. 25ന് 170 ടണ്ണും 27ന് 187 ടണ്ണും.
Discussion about this post