കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രണ്ടിലച്ചിഹ്നം ജോസ് കെ മാണിക്ക് നല്കാന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ജോസഫ് – ജോസ് വിഭാഗങ്ങള്‍ നല്കിയ പരാതിയിന്‍ മേലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുത്തത്. അതേസമയം ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് പിജെ ജോസഫ് പറഞ്ഞു.
ചിഹ്നം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കമ്മീഷനില്‍ത്തന്നെ ഭിന്നാഭിപ്രായം ഉടലെടുത്തിരുന്നു. 3 കമ്മീഷന് അംഗങ്ങളില്‍ ഒരാള്‍ ജോസ് കെ മാണി വിഭാഗത്തിന് ചിഹ്നം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്കാന് തീരുമാനിച്ചത്.
മൂന്നംഗ സമിതിയിലെ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു. എന്നാല്‍ മൂന്നാമത്തെ അംഗം അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേര്‍ക്കും ചിഹ്നം നല്കാന് കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ല എന്നും ന്യൂന വിധിയില്‍ അശോക് ലവാസ ചൂണ്ടിക്കാട്ടി. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്.
കെഎം മാണിയുടെ മരണത്തിന് പിന്നാലെയാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കം കേരളാ കോണ്‍ഗ്രസില്‍ രൂക്ഷമായത്. പാലാ ഉപതെരഞ്ഞടുപ്പില്‍ രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം മത്സരിച്ചത്. മത്സരത്തില്‍ കേരളാ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
Discussion about this post