ന്യൂഡല്‍ഹി: മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ കുമാര്‍ മുഖര്‍ജിയുടെ മരണത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഒരു യുഗത്തിന്റെ അവസാനമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ മുന്നേറ്റത്തില്‍ മായാമുദ്രപതിച്ച അതികായനാണ് പ്രണബ് മുഖര്‍ജിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.
പണ്ഡിതന്‍, രാഷ്ട്രതന്ത്രജ്ഞന്‍ തുടങ്ങി വിവിധ മേഖലകളില്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും അനുശോചനം അറിയിച്ചു. ഇന്ത്യയുടെ യശസ്സ് സാര്‍വ്വദേശീയ തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിനും ജനതയ്ക്കും കനത്ത നഷ്ടമാണ്. ആ സ്മരണയ്ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വൈകീട്ട് 5.50 ഓടെയായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചത്. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 85 വയസായിരുന്നു. മകന്‍ അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്.
ഭാരതരത്ന നല്‍കി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, രാജ്യസഭാ അധ്യക്ഷന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
1935 ഡിസംബര്‍ 11-ന് പശ്ചിമബംഗാളിലെ ബീര്‍ഭും ജില്ലയിലാണ് പ്രണബ് മുഖര്‍ജിയുടെ ജനനം. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന കമഡ കിങ്കര്‍ മുഖര്‍ജിയാണ് പിതാവ്. മാതാവ് രാജലക്ഷ്മി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനാല്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയ വ്യക്തിയാണ് കിങ്കര്‍ മുഖര്‍ജി.
സുരി വിദ്യാസാഗര്‍ കോളേജില്‍ നിന്ന് ചരിത്രത്തിലും രാഷ്ട്രമീമാംസയിലും എംഎ ബിരുദം നേടിയ പ്രണബ് കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. കൊല്‍ക്കത്തയിലെ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ (പോസ്റ്റ് ആന്‍ഡ് ടെലിഗ്രാം) ക്ലര്‍ക്കായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. ബംഗാളി പ്രസിദ്ധീകരണമായ ‘ദേശേര്‍ ഡാക്’ ല്‍ പത്രപ്രവര്‍ത്തകനായും ജോലി നോക്കിയിട്ടുണ്ട്. പിന്നീട് അഭിഭാഷകനായി. തുടര്‍ന്നാണ് രാഷ്ട്രീയത്തിലെത്തുന്നത്.