രാജമല: എന്റെ എല്ലാം പോയി, രണ്ട് മക്കളും… അവന്റെ ശരീരമെങ്കിലും കിട്ടാതെ ഞാനെങ്ങനെ കിടന്നുറങ്ങും…? ഇത് ഷണ്മുഖനാഥന്റെ ചങ്ക് നീറിയുള്ള വാക്കുകളാണ്. രക്ഷാസംഘം തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെങ്കിലും പതിവുപോലെ പുലര്‍ച്ചെ മുതല്‍ മകന്റെ ശരീരം ഇപ്പോഴും തെരഞ്ഞ് നടക്കുകയാണ് ഈ അച്ഛന്.
പെട്ടിമുടി ദുരന്തത്തില്‍ ഇദ്ദേഹത്തിന് രണ്ടു മക്കളെയും നഷ്ടപ്പെട്ടു. ഇളയമകന്റെ മൃതദേഹം കിട്ടി. ഇരുപത്തിരണ്ടുകാരനായ മൂത്തമകന് ദിനേഷ്കുമാറിന്റെ മൃതദേഹം തേടിയാണ് ഈ അച്ഛന് ഇപ്പോള്‍ നടക്കുന്നത്. പുലിയിറങ്ങുന്ന പൂതക്കുഴിയും കയങ്ങളും പാറകളും നിറഞ്ഞ പെട്ടിമുടിപ്പുഴയും കടന്ന് കാട്ടിനുള്ളിലാണ് ഈ പിതാവ് മൃതദേഹം തെരഞ്ഞ് നീങ്ങുന്നത്.
കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഷണ്മുഖന് കൂട്ടായി ഉണ്ട്. കാണാതായ എഴുപതില്‍ 65 പേരുടെയും മൃതദേഹങ്ങള്‍ കിട്ടിയതോടെ സര്‍ക്കാരും ജില്ലാ ഭരണകൂടവും പതിനെട്ടുദിവസത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ”സര്‍ക്കാര്‍ കണക്കില്‍ 93 ശതമാനം മൃതദേഹങ്ങളും കണ്ടെത്തി.
പക്ഷേ, ബാക്കിയുള്ള ഏഴ് ശതമാനത്തില്‍ എത്രയോ പേരുടെ കണ്ണീരും ഉള്ളുപിടച്ചിലുമുണ്ടെന്ന് അത് അനുഭവിച്ചവര്‍ക്കേ അറിയൂ” -ഷണ്മുഖനാഥന് പറയുന്നു. മൂന്നാറില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മക്കള്‍ രണ്ടുപേരും വല്യച്ഛന്റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴാണ് ദുരന്തമുണ്ടായത്.
Discussion about this post