പാണ്ടിക്കാട്: രണ്ടര വർഷം മുമ്പ് പുഴയിൽ കളഞ്ഞ് പോയ സ്വർണ്ണമാല ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതി നിരാശയായ സാജിറയ്ക്ക് അതേ മാല തിരിച്ചുനൽകി പുഴ. തുവ്വൂർ മാതോത്തിലെ പൂക്കുന്നൻ നിസാറിന്റെ ഭാര്യ സാജിറയോടാണ് പുഴ തന്റെ സ്നേഹം അറിയിച്ചത്. 2018 ജൂലൈയിൽ ഒലിപ്പുഴയിലെ മലവെള്ളപാച്ചിൽ കാണാൻ പോയതാണ് സാജിറ. വെള്ളം കണ്ടതോടെ മുങ്ങിനോക്കിയാലോ എന്നായി ചിന്ത. പക്ഷെ മുങ്ങിയതോടെ കഴുത്തിലെ രണ്ട് പവൻ സ്വർണമാല കാണാതായി. സമീപവാസികളും മറ്റും തിരച്ചിൽ നടത്തിയെങ്കിലും മാല കിട്ടിയില്ല.
രണ്ട് വർഷങ്ങളിലെ മഹാപ്രളയങ്ങളും കഴിഞ്ഞിട്ടും വെള്ളം ഒരുപാട് ഒഴുകി പോയിട്ടും ആരാരുമറിയാടെ സ്വർണ്ണമാല പുഴയിൽ തന്നെ കിടക്കുകയായിരുന്നു. ഒടുവിൽ, കഴിഞ്ഞ ദിവസം രാവിലെ പുഴയിൽ കുളിക്കാനെത്തിയ അയൽവാസിയായ പരപ്പിനിയിൽ വേലായുധനാണ് ഈ സ്വർണ്ണമാല ലഭിച്ചത്.
സാജിറ പറഞ്ഞ അടയാളങ്ങൾ ഓർമ്മ ഉള്ളതിനാൽ തന്നെ മാല തിരിച്ചു നൽകാനും വേലായുധൻ മടിച്ചില്ല. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന് കരുതിയ മാലയാണ് കൂലിപ്പണിക്കാരനായ വേലായുധന്റെ സത്യസന്ധതയിലൂടെ സാജിറക്ക് തിരിച്ച് കിട്ടിയത്.
Discussion about this post