കൊച്ചി: തിരുവനന്തപുരം നയതന്ത്ര ബാഗേജ് സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിൽ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൽ നിന്ന് മാറ്റി. സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നതിലാണ് നടപടിയെന്നാണ് സൂചന. വകുപ്പ് തല അന്വേഷണത്തിനും തീരുമാനമായി.
കേസിൽ സ്വപ്‌നയുടെ മൊഴിയിലെ അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നത് കസ്റ്റംസ് പരിശോധിക്കുകയാണ്. സ്വപ്നയുടെ മൊഴി ചോർന്നതിൽ കേന്ദ്രം കടുത്ത അതൃപ്തിയിലായിരുന്നു. ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തണമെന്നാണ് കേന്ദ്ര സർക്കാരും നൽകിയിരിക്കുന്ന നിർദേശം. കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥരാണ് മൊഴി ചോർന്നതിന് പിന്നിലെന്ന നിഗമനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയ ദിവസം രണ്ട് തവണയാണ് സ്വപ്നയും അനിൽ നമ്പ്യാരും ഫോണിൽ സംസാരിച്ചത്. സ്വർണ്ണക്കടത്ത് കേസിനും വളരെക്കാലം മുൻപേ തന്നെ അനിൽ നമ്പ്യാരെ പരിചയമുണ്ടെന്നാണ് സ്വപ്ന കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്.
നയതന്ത്രബാഗിൽ സ്വർണം കണ്ടെത്തിയാൽ ഗുരുതരപ്രശ്‌നമാകും എന്നതിനാൽ ബാഗ് വ്യക്തിപരമായ ആവശ്യത്തിനാണെന്ന് കാണിച്ച് കോൺസുലർ ജനറലിന് കത്ത് നൽകാൻ തന്നോട് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി സ്വപ്നയുടെ മൊഴിയിലുണ്ട്. ജൂലൈ അഞ്ചിനാണ് അനിൽ നമ്പ്യാർ സ്വപ്നയെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തരം കത്ത് നൽകിയാൽ നികുതിയും പിഴയും അടച്ച് കേസിൽ നിന്നും ഒഴിവാക്കാം എന്നും നമ്പ്യാർ സ്വപ്നയെ ഉപദേശിച്ചു. കോൺസുലർ ജനറൽക്ക് നൽകേണ്ട കത്തിന്റെ പകർപ്പ് തയ്യാറാക്കി അയക്കാൻ സ്വപ്ന അനിൽ നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭാഷണം കഴിഞ്ഞ് അധികം വൈകാതെ താൻ ഒളിവിൽ പോയതിനാൽ പിന്നെ അനിൽ നമ്പ്യാരുമായി ബന്ധപ്പെടാനോ കത്തുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ അറിയാനോ സാധിച്ചില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
Discussion about this post