അച്ഛന്‍ ഈ ലോകത്തില്ലെന്നറിയാതെ മൂന്നുവയസ്സുകാരി, അച്ഛന്റെ കൂട്ടുകാരനാണെന്നു പറഞ്ഞ് നൈഗേയയ്ക്ക് ഓണക്കോടിയുമായി എഎസ്‌ഐ എത്തി

ചേര്‍പ്പ്: അച്ഛന്‍ ഈ ലോകത്തില്ല എന്ന് മൂന്നുവയസ്സുകാരി നൈഗേയയ്ക്ക് ഇനിയും അറിയില്ല. അച്ഛന്റെ കൂട്ടുകാരനാണെന്നു പറഞ്ഞാണ് ഓണക്കോടിയും സമ്മാനങ്ങളുമായി തൃശൂര്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലെ എഎസ്‌ഐ കെ.പി. സുധീര്‍ നൈഗേയുടെ അടുത്ത് എത്തിയത്.

നൈഗേയയുടെ അച്ഛന്‍ ബിജീഷ് 6 മാസം മുന്‍പാണ് വാഹനാപകടത്തില്‍ മരിച്ചത്. എന്നാല്‍ അച്ഛന്‍ വിട്ടുപോയ വിവരം മകള്‍ ഇനിയും അറിഞ്ഞിട്ടില്ല. ചൊവ്വൂര്‍ പമ്പിന് സമീപം ബൈക്കില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് ബിജീഷ് കൊല്ലപ്പെട്ടത്.

പോലീസ് അന്വേഷണം മാസങ്ങള്‍ നീണ്ടിട്ടും എങ്ങും എത്താതായപ്പോള്‍ ഭാര്യ എസ്പിക്കു പരാതി നല്‍കി. അങ്ങനെയാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് അന്വേഷണ ചുമതല എത്തിയത്. എഎസ്‌ഐ സുധീറാണ് ഇടിച്ച കാര്‍ 5 ദിവസം കൊണ്ട് കണ്ടെത്തിയത്.

ബിജീഷിന്റെ കുടുംബത്തിന്റെ അവസ്ഥയറിഞ്ഞ സുധീര്‍ കഴിഞ്ഞ ദിവസം ചൊവ്വൂര്‍ ചെറുവത്തേരിയിലെ വീട്ടിലെത്തുകയായിരുന്നു. വരുമ്പോള്‍ മകള്‍ നൈഗേയയ്ക്ക് ഓണക്കോടിയും കൈയ്യില്‍ കരുതി. അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുധീര്‍ നൈഗേയയുടെ അടുത്തെത്തിയത്.

‘അച്ഛന്‍ ഗള്‍ഫിലാണ്..’ നൈഗേയ സുധീറിനോടു പറഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുനിറഞ്ഞു. വയോധികയായ ബിജീഷിന്റെ അമ്മയ്ക്ക് കുറച്ചുനേരത്തേക്കെങ്കിലും ആശ്വാസം പകര്‍ന്ന് ഒപ്പം നിന്നാണ് സുധീര്‍ മടങ്ങിയത്.

Exit mobile version