ബിജെപി പ്രവർത്തകർ കായംകുളത്ത് ക്ഷേത്രത്തിൽ തമ്മിലടിച്ചു; ഇടപെട്ട് നേതൃത്വം

BJP Workers | Kerala News

കായംകുളം: ബിജെപി പ്രവർത്തകർ ഗ്രൂപ്പിസത്തെ തുടർന്ന് ക്ഷേത്രത്തിൽ വെച്ച് തമ്മിലടിച്ചു. വ്യാഴാഴ്ച രാത്രി പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വളപ്പിലാണ് സംഭവം. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാറും ജില്ല കമ്മിറ്റി അംഗം കൂടിയായ ക്ഷേത്രോപദേശക സമിതിയംഗം പൊന്നൻ തമ്പിയുമാണ് ഏറ്റുമുട്ടിയത്.

അതേസമയം, ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ക്ഷേത്രത്തിലെ കസേരകൾ തല്ലിത്തകർത്തതായും പരാതിയുണ്ട്. ബഹളം കേട്ട് ഓടിക്കൂടിയവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉപദേശക സമിതി അംഗത്തെ ആക്രമിച്ചതായും കസേരകൾ തകർത്തതായും കാണിച്ച് ക്ഷേത്രോപദേശ സമിതിയാണ് പരാതി നൽകിയത്. ക്ഷേത്രത്തിലെത്തിയ വിശ്വാസിയെ ആക്രമിച്ചുവെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്. ഇരുവരും നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

അതേസമയം, സംഭവം വിവാദമായതോടെ സമൂഹ മധ്യത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ ജില്ല നേതൃത്വം ഇടപെട്ടിട്ടുണ്ട്. മണ്ഡലത്തിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പക്ഷക്കാരനായ പൊന്നൻ തമ്പിയെ ജില്ല കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്തിരുന്നു. ഇത് ജില്ല സെക്രട്ടറിയെ അനുകൂലിക്കുന്ന മണ്ഡലം പ്രസിഡന്റ് പക്ഷക്കാർക്ക് രസിച്ചിരുന്നില്ല. ഇതിനെ ചൊല്ലിയുള്ള തർക്കങ്ങളും നഗരസഭയിലേതടക്കമുള്ള മുൻനിലപാടുകളുമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് അറിയുന്നത്.

Exit mobile version