ഈ വീട്ടിലേക്ക് വാഹനം ഇടിച്ചുകയറിയത് 15ലേറെ തവണ; ദുരന്തം വഴിമാറിയത് ദൈവത്തിന്റെ കൃപകൊണ്ടാണെന്ന് റസിയ ഉമ്മ

മുണ്ടൂര്‍: റസിയ ഉമ്മയുടെ വാടക വീട്ടിലേക്ക് വാഹനം ഇടിച്ചുകയറിയത് 15 തവണയാണ്. എന്നാല്‍ എല്ലാ അപകടങ്ങളില്‍ നിന്നും റസിയ ഉമ്മയും കുടുംബവും തലനാരിഴയ്ക്ക രക്ഷപ്പെട്ടു. പക്ഷേ അവസാനം സംഭവിച്ച അപകടത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ റസിയ ഉമ്മയുടെ മനസ്സില്‍ ഭീതി നിറയും കണ്ണുകളില്‍ ഇരുട്ട് കയറും.

റസിയ ഉമ്മയും കുടുംബവും താമസിക്കുന്ന വേലിക്കാട് വളവിലെ വാടക വീട്ടിലേക്ക് വെള്ളിയാഴ്ച രാത്രിയാണ് സിമന്റ് ലോറി ഇടിച്ചുകയറിയത്. ഇവരുടെ മകളുടെ മകള്‍ അഫ്രിനയ്ക്ക് കാലിനു പരുക്കേറ്റു. ശസ്ത്രക്രിയ നടത്തി. അപകടത്തില്‍ റസിയ ഉമ്മയുടെ മകന്‍ ഹനീഫ തെറിച്ചുവീഴുകയും ചെയ്തു.

നിയന്ത്രണംവിട്ട ലോറി വീടിന്റെ ഹാള്‍ തകര്‍ത്തു. ദുരന്തത്തില്‍നിന്ന് കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അഫ്രിന കട്ടിലില്‍ ഇരുന്നു ടിവി കാണുകയായിരുന്നു. ഇവരെ കൂടാതെ പേരമകന്‍ അന്‍സി, മകള്‍ അനിഷ, മരുമകള്‍ സെബീന, വിരുന്നെത്തിയ മറ്റു 3 പേര്‍ എന്നിവരും ഉണ്ടായിരുന്നു.

‘വലിയ ശബ്ദം കേട്ടു, പിന്നെ എല്ലാം കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ആയിരുന്നു. എന്താണു സംഭവിച്ചതെന്ന് അറിയാതെ പതറിപ്പോയ നിമിഷങ്ങള്‍. വൈദ്യുതിയും നിലച്ചതോടെ ഭീതി ഇരട്ടിച്ചു. ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തി. ദുരന്തം വഴിമാറിയത് ദൈവത്തിന്റെ കൃപകൊണ്ടാണ്’- റസിയ ഉമ്മ പറയുന്നു.

മുന്‍പുണ്ടായ അപകടങ്ങളില്‍ വീടിന്റെ മുന്‍ഭാഗത്തിനു മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ അപകടത്തില്‍ വീട് തന്നെ തകര്‍ന്നു. സമീപത്തെ കബീറിന്റെ വീടിനും കേടുപാടുകളുണ്ട്. കൊടുംവളവാണ് ഇവിടെ വില്ലനാകുന്നത്. അതേസമയം പ്രദേശത്ത് തെരുവുവിളക്കുകള്‍ കത്താത്തതും അപകടങ്ങള്‍ക്ക് മറ്റൊരു കാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു.

Exit mobile version