ചെങ്ങമനാട്: പെരിയാറില്‍ പാലപ്രശ്ശേരി കമ്പനിക്കടവ് ഭാഗത്ത് ഒഴുകി നടന്ന ‘മൃതദേഹം’ കരയ്ക്കടുപ്പിക്കാന്‍ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കണ്ടെത്തിയത് തുണിക്കടയിലെ തലയില്ലാത്ത ഡമ്മിയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുഴയില്‍ പ്രളയത്തില്‍ അടിഞ്ഞുകൂടിയ ഇല്ലിപ്പടര്‍പ്പില്‍ മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്. തുടര്‍ന്ന് പോലീസും നാട്ടുകാരും കടവിലെത്തി.
മുങ്ങല്‍ വിദഗ്ദ്ധനായ അടുവാശ്ശേരി സ്വദേശി സെയ് ദ്മുഹമ്മദ്, മകന്‍ സമീല്‍, സന്നദ്ധ പ്രവര്‍ത്തകനായ ആദം ഷിജു, അസീസ് കണ്ടകത്ത് എന്നിവര്‍ മൃതദേഹം കണ്ടെടുക്കാന്‍ വഞ്ചിയില്‍ പുഴയിലേക്ക് പോയി. പടര്‍ന്നു പന്തലിച്ച ഇല്ലിപ്പടര്‍പ്പിനടിയില്‍ ഒഴുക്കില്‍പ്പെട്ട് തങ്ങി നില്‍ക്കുന്ന ‘മൃതദേഹം’ കരയ്ക്കടുപ്പിക്കാന്‍ ഇവര്‍ മൂന്ന് മണിക്കൂറോളം ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഒടുവില്‍ സെയ്ത്മുഹമ്മദ് ഇല്ലിക്കാടിന്റെ അടിയില്‍ മുങ്ങിയെത്തി നോക്കിയപ്പോഴാണ് ‘മൃതദേഹം’ ഡമ്മിയാണെന്ന് വ്യക്തമായത്. പഞ്ഞി കൊണ്ടുണ്ടാക്കിയ തലഭാഗം വെള്ളത്തില്‍ കുതിര്‍ന്നു പോയതെന്നാണ് നിഗമനം. ശക്തമായ അടിയൊഴുക്കു കാരണം ഡമ്മി എടുക്കാന്‍ കഴിഞ്ഞില്ല. മൃതദേഹമാണെന്നു കരുതി തെരച്ചില്‍ നടത്തുന്നതിനിടെ ആലങ്ങാട് പോലീസും ഫൈബര്‍ ബോട്ടില്‍ സ്ഥലത്തെത്തിയിരുന്നു.