മഞ്ചേരി: മഞ്ചേരി സ്പെഷല്‍ സബ് ജയില്‍ അടച്ചു. സൂപ്രണ്ട് ഉള്‍പ്പെടെ ജീവനക്കാര്‍ക്കും തടവുകാര്‍ക്കും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സബ് ജയില്‍ അടച്ചത്. 3 വനിതകളടക്കം 15 തടവുകാര്‍ക്കും 13 ജീവനക്കാര്‍ക്കുമാണ് രോഗം ബാധിച്ചത്. മലബാറിലെ വനിതാ തടവുകാരുടെ ക്വാറന്റീന് ജയില്‍ കൂടിയാണിത്.
രോഗമില്ലാത്ത തടവുകാരെ പൊന്നാനി, പെരിന്തല്‍മണ്ണ സബ് ജയിലുകളിലേക്ക് മാറ്റി. അതേസമയം സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് അഞ്ചുപേര്‍ കൂടി മരിച്ചു.ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തരും, ആലപ്പുഴയില്‍ രണ്ടു പേരുമാണ് മരിച്ചത്.
കാമാക്ഷി സ്വദേശി ദാമോദരന്‍ ആണ് ഇടുക്കിയില്‍ മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരനും കൊവിഡ് ബാധിച്ച് മരിച്ചു.67 വയസായിരുന്നു.
എടത്വ സ്വദേശി ഔസേഫ് വര്‍ഗീസ് കോട്ടയം മെഡി. കോളജിലാണ് മരിച്ചത്. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
ചെങ്ങന്നൂര്‍ സ്വദേശി ജയ്മോന് ആലപ്പുഴയില്‍ മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെയാണ് മരണം. എണ്‍പത്തിനാലുകാരിയായ കീഴാറ്റൂര്‍ സ്വദേശിനി യശോദ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
Discussion about this post