ആലപ്പുഴ: മുഹമ്മ സ്വദേശി ശ്രീകുമാറിന്റേയും കുടുംബത്തിന്റേയും വര്‍ഷങ്ങളായുള്ള സ്വപ്നമാണ് സ്വന്തമായി ഒരു വീട്. എന്നാല്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് ഈ കൊച്ചുകുടുംബം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതി പ്രകാരമാണ് ശ്രീകുമാറിന് പതിനഞ്ചാം വാര്‍ഡില്‍ വീട് ലഭിച്ചത്.
വര്‍ഷങ്ങളായി ഒരു താല്ക്കാലികമായ ഷെഡിലായിരുന്നു ശ്രീകുമാറും കുടുംബവും താമസിച്ചിരുന്നത്. അടച്ചുറപ്പുള്ള വീടെന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ശ്രീകുമാര്‍ പറയുന്നു. ലൈഫ് മിഷന് പദ്ധതി പ്രകാരം ലഭിച്ച നാല് ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി വഴി ലഭിച്ച തുകയും സ്വന്തമായി സ്വരുക്കൂട്ടിയ കൊച്ചു സമ്പാദ്യവും ഉപയോഗിച്ചാണ് വീടെന്ന സ്വപ്നം ഇവര്‍ സാക്ഷാത്ക്കരിച്ചത്.
പഠിക്കാന്‍ മിടുക്കരായ മക്കള്‍ക്ക് പുതിയ വീട്ടില്‍ ഇനി മുതല്‍ കൂടുതല്‍ സൗകര്യത്തോടെ അവരുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ഈ ഓണക്കാലത്ത് ലൈഫ് മിഷനിലൂടെ തങ്ങള്‍ക്ക് പുതിയ ‘ലൈഫാണ് ലഭിച്ചിരിക്കുന്നത് വീട്ടുകാര്‍ ഒന്നടങ്കം പറയുന്നു.
450 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ സ്വീകരണ മുറി, സിറ്റ് ഔട്ട്, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ശുചിമുറി എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വീടു നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കള്‍ സബ്സിഡി നിരക്കിലും ലഭ്യമാക്കി നല്‍കിയിരുന്നു.
പുതിയ വീട്ടില്‍ ഓണം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ശ്രീകുമാറും കുടുംബവും. മുഹമ്മ ഗ്രാമപഞ്ചായത്തില്‍ മാത്രം ലൈഫ് മിഷന്, റീ ബില്‍ഡ് കേരള എന്നീ പദ്ധതികള്‍ പ്രകാരവും സന്നദ്ധ ഏജന്‍സികളുടെ സഹായത്തോടെയും 280ഓളം വീടുകളാണ് പൂര്‍ത്തിയായി വരുന്നതെന്ന് പഞ്ചായത്ത് അംഗം ഷാജികുമാര്‍ പറഞ്ഞു.
Discussion about this post