സോള്‍: ദക്ഷിണ കൊറിയയില്‍ വിമാനത്താവളത്തില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകള്‍ ലീജ ജോസ് ആണ് മരിച്ചത്. ഇരുപത്തിയെട്ട് വയസ്സായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ദക്ഷിണ കൊറിയയില്‍ നാലുവര്‍ഷമായി ലീജ ഗവേഷക വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിക്ക് നാട്ടില്‍ വന്നിരുന്നു. കോവിഡ് വ്യാപകമായതിനാല്‍ നിശ്ചയിച്ച സമയത്ത് തിരികെ പോകാന്‍ കഴിഞ്ഞില്ല. പിന്നീട് കഴിഞ്ഞ ആറിനാണ് ലീജ കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു മടങ്ങിയത്.
സെപ്റ്റംബറില്‍ വീസ കാലാവധി തീരുന്നതിനാല്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു മടക്കം. കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വന്നു. ഇതിനിടെയാണ് ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടത്.
ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല. ക്വാറന്റീന് കാലാവധിക്കു ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെത്തുടര്‍ന്ന് തിരികെ നാട്ടിലേക്കു പോരാന്‍ ടിക്കറ്റ് എടുത്തു. വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
Discussion about this post