തിരുവനന്തപുരം: മദ്യംവിറ്റാല്‍ ബാറുടമയ്ക്ക് സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് മദ്യക്കമ്പനികള്‍. ഓണക്കച്ചവടത്തില്‍ തങ്ങളുടെ പ്രത്യേകയിനം ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് മദ്യക്കമ്പനികള്‍ ബാറുടമകള്‍ക്ക് പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുപ്പിയോടെ മദ്യംവില്‍ക്കാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതു മുതലെടുത്താണ് മദ്യക്കമ്പനികള്‍ വാഗ്ദാനവുമായി എത്തിയത്. മദ്യവില്‍പ്പന കൂടുന്നതനുസരിച്ച് ബാറുടമകള്‍ക്ക് പാരിതോഷികങ്ങളുടെ എണ്ണവുംകൂടും.
കുപ്പിയോടെ മദ്യംവില്‍ക്കാനുള്ള അനുമതി ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ്ഷോപ്പുകള്‍ക്കു മാത്രമുണ്ടായിരുന്നപ്പോള്‍ മദ്യക്കമ്പനികള്‍ക്ക് ഇത്തരം ഇടപെടലുകള്‍ക്ക് അവസരമുണ്ടായിരുന്നില്ല. ഇത് ഒരുപരിധിവരെ ബിവറേജസ് കോര്പ്പറേഷന് നിയന്ത്രിച്ചിരുന്നു.
ഇത്തരം ക്രമക്കേട് കണ്ടെത്താന്‍ ബിവറേജസിന് വിജിലന്‍സ് സ്ക്വാഡുണ്ട്. പുതിയ ക്രമീകരണത്തില്‍ ചില്ലറ മദ്യവില്‍പ്പനയുടെ 70 ശതമാനവും ബാറുകളിലൂടെയായി. ഇതാണ് മദ്യക്കമ്പനികള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കിയത്.ബാറുകളില്‍ ഏത് മദ്യംവില്ക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഉടമയ്ക്കുണ്ട്. ഇവിടെയാണ് മദ്യക്കമ്പനികളുടെ ഇടപെടല്‍.
Discussion about this post