പൊതുജനാഭിപ്രായം മാനിക്കുന്നു, ഇനി മേലാല്‍ സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ പങ്കെടുക്കില്ല; ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃശ്ശൂര്‍: ഇപ്പോള്‍ വയസ്സ് അറുപത്തിമൂന്ന് കഴിഞ്ഞു, എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ സ്വയം ഒഴിവായിത്തന്നുകൊള്ളാമെന്ന് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപരോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഇനി മേലാല്‍ സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് വ്യക്തമാക്കി. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപരോട് ആവശ്യപ്പെടുക. അഭിനയിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് വര്‍ഷം മുന്‍പത്തെ മാതൃഭൂമി ‘ക’ സാഹിത്യോത്സവത്തില്‍ പങ്കെടുക്കവെ സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിനുള്ള ചുള്ളിക്കാടിന്റെ മറുപടി സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. സിനിമയുടെ കപട ലോകത്തുനിന്ന് എപ്പോഴാണ് കവിതയിലേക്ക് തിരിച്ചുവരികയെന്നായിരുന്നു ചോദ്യം.

തനിക്ക് സൗകര്യമില്ലെന്നും തനിക്ക് തോന്നുന്ന കാര്യങ്ങളാണ് ചെയ്യാറെന്നും മറ്റുള്ളവരുടെ ജീവിതം ജീവിക്കാന്‍ സൗകര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്‍മേല്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇനി അത്തരം ചടങ്ങുകള്‍ക്ക് പങ്കെടുക്കില്ലെന്ന തീരുമാനമെടുത്തത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്

പൊതുജനാഭിപ്രായം മാനിച്ച്. മേലാല്‍ സാഹിത്യോത്സവങ്ങളിലോ, കവിയരങ്ങുകളിലോ, പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്‍ അക്കാര്യം പത്രാധിപന്‍മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ. സിനിമ സീരിയല്‍ രംഗങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ അക്കാര്യം നിര്‍മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്‍ സ്വയം ഒഴിവാകയില്ല.(പണത്തോട് എനിക്കുള്ള ആര്‍ത്തി എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ)

ഇപ്പോള്‍ എനിക്ക് വയസ്സ് അറുപത്തിമൂന്ന് കഴിഞ്ഞു. എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.

പരമാവധി വിനയത്തോടെ,

ബാലചന്ദ്രന്‍ ചുള്ളിക്കാട്

Exit mobile version