തിരുവനന്തപുരം: ശശി തരൂരിനെ പിന്തുണച്ചും എതിര്‍ത്തും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളില്‍ രണ്ട് അഭിപ്രായം വന്നതോടെ തരൂര്‍ വിഷയം കോണ്‍ഗ്രസില്‍ പരസ്യ പോരിന് വഴിവെച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ദിവസം തരൂരിനെതിരെ കെ.മുരളീധരന് എം.പി തുടങ്ങിവച്ച വിമര്‍ശനം ഏറ്റെടുത്ത് മറ്റ് നേതാക്കളും എത്തിയതോടെയാണ് തരൂരിന് പിന്തുണയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം പരസ്യമായി രംഗത്തെത്തിയത്.
സ്ഥിരം നേതൃത്വം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ 23 തലമുതിര്‍ന്ന നേതാക്കള്‍ അധ്യക്ഷ സോണിയാഗാന്ധിക്ക് എഴുതിയ കത്ത് വിവാദത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം തുടങ്ങിയത്. കത്തെഴുതിയതിന്റെ പേരില്‍ ശശിതരൂര്‍ എം.പിക്കെതിരെ ചില നേതാക്കള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് പിന്തുണയറിയിച്ചും മറ്റ് നേതാക്കള്‍ രംഗത്തെത്തിയത്. ദേശീയ തലത്തില്‍ എ.കെ ആന്റണിയെടുത്തിരിക്കുന്ന നിലപാടിന് ഒപ്പമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമെന്നും അതിന്റെ പേരില്‍ ശശി തരൂരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമാണെന്നും ചൂണ്ടിക്കാട്ടി പി.ടി തോമസ് എം.എല്‍.എ രംഗത്തെത്തി.
പരസ്യ പ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ നിര്‍ദേശം അവഗണിച്ചാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ തരൂരിനെ പിന്തുണച്ച് കൊണ്ട് പി.ടി തോമസ് എത്തിയിരിക്കുന്നത്. തരൂരിനെ പോലുള്ള വിശ്വ പൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വെച്ചായിരിക്കണമെന്നും പി.ടി തോമസ് പറഞ്ഞു.
പോസ്റ്റിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി വരുന്നത്. തരൂര്‍ വിവാദം കഴിഞ്ഞതാണെന്നും അതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നുമായിരുന്നു രാവിലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയത്.
തരൂരിന്റെ ഗൂഢാലോചനയിലാണ് കത്തെഴുത്ത് വിവാദമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കെ.മുരളീധരന് എം.പിയായിരുന്നു തരൂരിനെതിരേയുള്ള ആദ്യ പരസ്യ വെടിപൊട്ടിച്ച് രംഗത്ത് വന്നത്. അദ്ദേഹം വിശ്വപൗരനും ഞങ്ങളെല്ലാം സാധാരണ പൗരനുമാണെന്നും ആയതിനാല്‍ അച്ചടക്ക നടപടി ആവശ്യപ്പെടുന്നില്ലെന്നായിരുന്നു മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ പരിഹസിച്ചത്.
ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്തയാളെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ന് കോണ്‍ഗ്രസ് എം.പിയായ കൊടിക്കുന്നില്‍ സുരേഷ് രംഗത്തെത്തിയത്. വിശ്വപൗരനാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് തരൂരിനെ പിന്തുണച്ച് കൊണ്ട് പി.ടി തോമസ് അടക്കമുള്ളവര്‍ എത്തിയിരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് അടക്കമുള്ളവരും ശശി തരൂരിന്റെ ഫോട്ടോയിട്ടാണ് ഇന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
എയര്‍പോര്‍ട്ട് വിഷയത്തിലും മറ്റും തരൂരിന് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ടാകാമെന്നും എം.പി എന്ന നിലയില്‍ അത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാന്‍ മുന്‍കൈ എടുക്കണമെന്ന് ശബരീനാഥന് എം.എല്‍.എ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങള്‍ നടത്തുമ്പോള്‍, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും ശബരീനാഥന് പറയുന്നു.
Discussion about this post