തിരുവനന്തപുരം: ജനം ടിവി കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി അടുത്തബന്ധമുണ്ടായിരുന്നു എന്നതിന് തെളിവുകളായി മൊഴികൾ. മാധ്യമ പ്രവർത്തകൻ അനിൽ നമ്പ്യാർക്ക് യുഎഇയിൽ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നെന്നും അവിടേക്കു പോകാൻ താനാണ് സഹായിച്ചതെന്നും സ്വപ്ന കംസ്റ്റംസിന് നൽകിയ മൊഴിയിൽ പറയുന്നു.
വഞ്ചനാക്കുറ്റം നിലവിലുള്ളതിനാൽ യുഎഇ സന്ദർശിച്ചാൽ അറസ്റ്റ് ഉണ്ടാകുമോ എന്ന് അനിൽ നമ്പ്യാർ ഭയന്നിരുന്നു. ഒരു വ്യവസായിയുടെ അഭിമുഖത്തിനായി അനിലിന് ദുബായിൽ പോകണമായിരുന്നു. യാത്രാനുമതി ലഭിക്കാൻ സരിത്തിനെ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാൻ നിർദേശിച്ചതനുസരിച്ചു അനിൽ വിളിച്ചു. കോൺസൽ ജനറൽ വഴി യാത്രാനുമതി നൽകി. അതിനുശേഷം തങ്ങൾ നല്ല സുഹൃത്തുക്കളാണ്- സ്വപ്ന പറഞ്ഞതായി റിപ്പോർട്ടുകൾ.
2018ൽ താജ് ഹോട്ടലിൽ അത്താഴ വിരുന്നിനായി അനിൽ നമ്പ്യാർ വിളിച്ചിരുന്നെന്നും അന്ന് യുഎഇ നിക്ഷേപങ്ങളെക്കുറിച്ച് അനിൽ നമ്പ്യാർ അന്വേഷിച്ചുവെന്നും സ്വപ്ന പറയുന്നു. അനിലിന്റെ ബന്ധുവിന്റെ ടൈൽ കട ഉദ്ഘാടനത്തിന് യുഎഇ കോൺസൽ ജനറലിനെ എത്തിക്കാൻ സഹായിച്ചുവെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജിൽ അല്ലെന്നു വരുത്തിത്തീർക്കാൻ അനിലിന്റെ ഇടപെടൽ ഉണ്ടായതായും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവിൽ പോകാൻ തിരുവനന്തപുരത്തെ ഒരു അഭിഭാഷകൻ നിർദേശിച്ചുവെന്നും അതിനു മുമ്പ് അനിൽ നമ്പ്യാർ തന്നെ വിളിച്ചുവെന്നും സ്വപ്ന പറഞ്ഞു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണ്ണം അടങ്ങിയ ബാഗേജ് നയതന്ത്ര ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോൺസൽ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാൻ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടു. അനിൽ നമ്പ്യാരെ തിരിച്ചുവിളിച്ച് കോൺസൽ ജനറലിന്റെ പേരിൽ ഒരു കത്ത് തയാറാക്കി നൽകാൻ പറഞ്ഞു. ഇതു നൽകാം എന്ന് അനിൽ അറിയിച്ചു. എന്നാൽ ആ സമയത്ത് താൻ സ്വയരക്ഷയ്ക്കുള്ള ശ്രമത്തിലായിരുന്നതിനാൽ ഇക്കാര്യം തുടർന്ന് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
Discussion about this post