‘ദുരിതനാളുകളില്‍ ജില്ലാ ഭരണ സംവിധാനത്തെ മുന്നോട്ടു നയിക്കാന്‍ തുണയായത് പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍’; കളക്ടറേറ്റിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ഓണക്കോടി സമ്മാനിച്ചു കളക്ടര്‍ എസ് സുഹാസ്

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ഓണക്കോടി സമ്മാനിച്ച് കളക്ടര്‍ എസ് സുഹാസ്. കൊവിഡിന്റെയും പെരുംമഴക്കാലത്തിന്റെയും ദുരിതനാളുകളില്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ജില്ലാ ഭരണസംവിധാനത്തെ മുന്നോട്ടു നയിക്കാന്‍ തുണയായത് റവന്യൂ വകുപ്പിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരാണെന്നും കളക്ടര്‍ പറഞ്ഞു.

ഒപ്പം സ്വയം സുരക്ഷിതരാകാന്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കായി മാസ്‌കും സാനിറ്റൈസറും ഫേസ് ഷീല്‍ഡും കളക്ടര്‍ സമ്മാനിച്ചു. ഫേസ്ബുക്ക് പേജിലൂടെ കളക്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡിന്റെയും പെരുംമഴക്കാലത്തിന്റെയും ദുരിതനാളുകളില്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ജില്ലാ ഭരണസംവിധാനത്തെ മുന്നോട്ടു നയിക്കാന്‍ തുണയായത് പ്രിയപ്പെട്ട സഹപ്രവര്‍ത്തകരാണ്.

ഓഫീസ് മതില്‍ക്കെട്ടുകളിലായിരുന്നില്ല റവന്യൂ വകുപ്പിലെ എന്റെ പ്രിയപ്പെട്ടവരുടെ പോരാട്ടം. ഫീല്‍ഡില്‍, സാധാരണക്കാരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടറിഞ്ഞ് അവരുടെ ദുരിതനോവുകളില്‍ സാന്ത്വനമാവുകയായിരുന്നു അവര്‍. സ്വന്തം സുരക്ഷ പോലും കണക്കാക്കാതെ റെയില്‍വെ സ്റ്റേഷനുകളില്‍, ബസ് സ്റ്റാന്റുകളില്‍, വിമാനത്താവളത്തില്‍, കടലോരത്തെയും പുഴയോരത്തെയും ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം രാപകലില്ലാതെ അവര്‍ പോരാടി….

മുന്‍കാലങ്ങളിലൊന്നും നാം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയില്‍, ചെറിയ വീഴ്ച്ചകള്‍ക്കു പോലും വലിയ വിമര്‍ശനങ്ങളുണ്ടായി. പക്ഷെ സമചിത്തതയോടെ സാഹചര്യത്തിന്റെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ചെറിയൊരു പരാതി പോലുമില്ലാതെ ഈ സഹപ്രവര്‍ത്തകര്‍ സേവനം തുടര്‍ന്നു. ഒരു ഫോണ്‍കോളിനപ്പുറം ദിവസമേതെന്നും നേരമേതെന്നുമുള്ള ചിന്തകള്‍ക്കപ്പുറം ഇവര്‍ നല്‍കിയ പിന്തുണയാണ് സംസ്ഥാനത്തു തന്നെ ഏറ്റവും മികച്ച രീതിയില്‍ ദുരിതാശ്വാസ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കരുത്ത് പകര്‍ന്നത്.

എന്റെ സുഹൃത്തുക്കള്‍ക്ക് ഈ ഓണക്കാലത്ത് ചെറിയൊരു സമ്മാനം – അത് ഓണക്കോടിയല്ലാതെ മറ്റെന്ത്. കളക്ടറേറ്റിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും ഇന്ന് ഓണക്കോടി സമ്മാനിച്ചു. ഒപ്പം സ്വയം സുരക്ഷിതരാകാന്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കായി മാസ്‌കും സാനിറ്റൈസറും ഫേസ് ഷീല്‍ഡും….

ഈ പൊരുതലും കരുതലും അവസാനിക്കുന്നില്ല…ഇനിയും ഏറെ കാതങ്ങള്‍ നമുക്ക് പിന്നിടാനുണ്ട്…
#collector #ernakulam
#onam2020
#BreakTheChain

Exit mobile version