തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന് നേതാക്കൾ കത്തെഴുതിയ സംഭവം കോൺഗ്രസിൽ കത്തുന്നു. സംഭവത്തിൽ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. ശശി തരൂർ വെറും ഗസ്റ്റ് ആർട്ടിസ്റ്റാണെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ കത്തെഴുതിയ നേതാക്കളുടെ കൂട്ടത്തിൽ ശശി തരൂർ ഉൾപ്പെട്ടത് രാഷ്ട്രീയ പക്വത കുറവാണെന്നും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
ദേശീയ നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം നേരത്തെ തന്നെ തള്ളിയതാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പാർട്ടിയുടെ അതിർവരമ്പിനുള്ളിൽ നിന്നുകൊണ്ടുള്ള പാർട്ടി പ്രവർത്തനം ശശി തരൂരിന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം വിശ്വ പൗരനായിരിക്കും. പക്ഷേ രാഷ്ട്രീയപരമായി അദ്ദേഹം അപക്വമായാണ് പ്രവർത്തിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും വ്യക്തമാക്കുന്നത്. കോൺഗ്രസിന്റെ എംപിയായി നിൽക്കുമ്പോൾ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം. അതല്ലാതെ താൻ വിശ്വപൗരനായതുകൊണ്ട് തനിക്ക് എന്തും ആകാമെന്ന് കരുതുന്നത് ശരിയല്ല. അദ്ദേഹം ഒരു ഗസ്റ്റ് ആർട്ടിസ്റ്റായാണ് കോൺഗ്രസിലേക്ക് വന്നത് ഇപ്പോഴും അങ്ങിനെ തന്നെ തുടരുന്നെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Discussion about this post