കട്ടപ്പന: ഹോസ്റ്റൽ മുറിയിൽ പ്രസവിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബാങ്ക് ജീവനക്കാരിയായ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ (27) റിമാൻഡ് ചെയ്തു. തൃശ്ശൂരിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റിയ യുവതിയെ കൊവിഡ് പരിശോധനയ്ക്കു വിധേയമാക്കും. രോഗം ഇല്ലെന്നു സ്ഥിരീകരിച്ചാൽ കാക്കനാട് ജയിലിലേക്കു മാറ്റും.
കുഞ്ഞിനെ പ്രസവിച്ച ഉടനെ കൊലപ്പെടുത്തുകയായിരുന്നെന്നും കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് യുവതി പോലീസിനു നൽകിയ മൊഴി. പ്രസവശേഷം ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ ഡിസ്ചാർജ് ചെയ്തപ്പോഴാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
കുഞ്ഞിനെ കൈയ്യും തുണിയും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബാങ്കിൽ കാഷ്യറായ യുവതി അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു. യുവതി ഗർഭിണിയാണെന്ന വിവരം കാമുകന് അറിയാമായിരുന്നെങ്കിലും കൊലപാതകവുമായി ബന്ധമില്ലെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.
ഡിവൈഎസ്പി എൻസി രാജ്‌മോഹൻ, എസ്എച്ച്ഒ വിശാൽ ജോൺസൻ, എസ്‌ഐ സന്തോഷ് സജീവ്, എഎസ്‌ഐ സജി തോമസ്, സിപിഒമാരായ പ്രീതി, റഫിയ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Discussion about this post