തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ഉന്നതരുമായി ബിജെപിയുടെ നേതാക്കളെ അനിൽ നമ്പ്യാരാണ് അടുപ്പിച്ചത് എന്ന സ്വപ്നയുടെ മൊഴി കസ്റ്റംസിനോട് അനിൽ നമ്പ്യാർ തന്നെ ഏറ്റുപറഞ്ഞതായി സൂചന. സ്വപ്ന സുരേഷിന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അനിൽ നമ്പ്യാരെ കഴിഞ്ഞ ദിവസം കസ്റ്റംസ് ചോദ്യം ചെയ്തപ്പോഴാണ് സ്വപ്ന സുരേഷടക്കം സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബിജെപി നേതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്നതു സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്ന് സ്വർണ്ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനിൽ നമ്പ്യാരുമായി രണ്ടു തവണ ഫോണിൽ സംസാരിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ ഫോൺ വിളി സംബന്ധിച്ച് സ്വപ്ന കസ്റ്റംസിന് മൊഴിയും നൽകിയിട്ടുണ്ട്. സംഭാഷണത്തിലെ വിവരങ്ങൾ സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴിയായി നൽകിയിരുന്നു. ബാഗേജ് വിട്ടുകിട്ടിയില്ലെങ്കിൽ സരിത്തിനോട് കുറ്റം ഏൽക്കാൻ പറയണമെന്നും ബാക്കിയെല്ലാം തങ്ങൾ തങ്ങൾ നോക്കിക്കൊള്ളാമെന്നും അനിൽ നമ്പ്യാർ പറഞ്ഞതായി സ്വപ്ന മൊഴിനൽകിയിരുന്നു.
മൊഴികളിൽ പൊരുത്തക്കേടുണ്ടോ എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. സംസ്ഥാന ബിജെപി നേതാക്കളിൽ ചിലരുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷണ സംഘത്തോട് അനിൽ നമ്പ്യാർ വിവരങ്ങൾ പങ്കുവെച്ചതായി സൂചനയുണ്ട്.
സുരേഷിന് സഹായം ചെയ്തു നൽകിയെന്നാണ് കസ്റ്റംസിന്റെ നിഗമനം. ഡിപ്ലോമാറ്റിക് ബാഗേജ് സംബന്ധിച്ച് കോൺസുലേറ്റിനെ കൊണ്ട് വിശദീകരണക്കുറിപ്പ് തയ്യാറാക്കാൻ സ്വപ്നയോട് പറഞ്ഞത് അനിൽ നമ്പ്യാരാണെന്നും വിവരമുണ്ട്.
നയതന്ത്രചാനല്‍ വഴി കടത്തിയ സ്വര്‍ണം പിടിച്ച ജൂലൈ 5 ന് ഉച്ചയോടെ അനില്‍ നമ്പ്യാര്‍ വിളിച്ച ശേഷം സംസാരിച്ച കാര്യങ്ങളെക്കുറിച്ചുള്ള സ്വപ്നയുടെ മൊഴി കേസ് വഴി തിരിച്ചുവിടാന്‍ അനില്‍നമ്പ്യാര്‍ ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. സ്വര്‍ണം വന്നത് നയതന്ത്രബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോണ്‍സല്‍ ജനറലിനെക്കൊണ്ട് വാര്‍ത്താക്കുറിപ്പിറക്കാന്‍ സ്വപ്നയെ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചു. ഇക്കാര്യം സ്വപ്ന കോണ്‍സുല്‍ ജനറലിനോട് പറഞ്ഞു.
അനില്‍ നമ്പ്യാരെ കോണ്‍സുല്‍ ജനറലിന് അറിയാമായിരുന്നുവെന്നും പറഞ്ഞപ്രകാരം ഒരു കത്ത് തയാറാക്കി നല്കാന് അനിലിനോട് കോണ്‍സുല്‍ ജനറല്‍ നിര്‍ദേശിച്ചുവെന്നും സ്വപ്നയുടെ മൊഴിയുണ്ട്. ഇത്തരത്തില്‍ കത്ത് തയാറാക്കി നല്‍കാമെന്ന് അനില്‍ സമ്മതിച്ചു. എന്നാല്‍ കത്ത് തയാറാക്കി നല്‍കിയോ എന്ന് വ്യക്തമല്ല.
അനിൽ നമ്പ്യാർക്ക് ബിനാമി നിക്ഷേപമുണ്ടെന്ന് ആരോപണമുള്ള തിരുവനന്തപുരത്തെ ടൈൽസ് ഷോറൂം 2019ൽ യുഎഇ കോൺസുലേറ്റ് ജനറലാണ് ഉദ്ഘാടനം ചെയ്തത്. അനിൽ നമ്പ്യാരെ കൂടാതെ സ്വപ്ന സുരേഷുമായി ഫോണിൽ ബന്ധപ്പെട്ട മറ്റു ചിലരേയും വരും ദിവസങ്ങളിൽ കസ്റ്റംസ് ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തും എന്നാണ് സൂചന.
അതേസമയം വാർത്ത ശേഖരിക്കാനാണ് താൻ സ്വപ്നയെ വിളിച്ചത് എന്നാണ് അനിൽ നമ്പ്യാർ നൽകുന്ന വിശദീകരണം.
Discussion about this post