കൊച്ചി: കനാലിലേക്ക് വീണ് മുങ്ങിയ ടിപ്പര്‍ ലോറിയില്‍ കുടുങ്ങിയ രണ്ട് ലോഡിങ് തൊഴിലാളികളെ രക്ഷപ്പെടുത്തി കോളേജ് അധ്യാപകന്‍. എറണാകുളം ജില്ലയിലാണ് സംഭവം. അപകടത്തില്‍പ്പെട്ട കാഞ്ഞിരമറ്റം ഷാപ്പുപറമ്പില്‍ സുരേന്ദ്രന്‍, കുലയറ്റിക്കര മുരയങ്കേരില്‍ അനില്കുമാര്‍ എന്നിവരെയാണ് കോളേജ് അധ്യാപകനായ സുബീഷ് രക്ഷപ്പെടുത്തിയത്.
കാഞ്ഞിരമറ്റം മില്ലുങ്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായ കനാലിന്റെ കല്‍ക്കെട്ടിടിഞ്ഞാണ് ടിപ്പര്‍ ലോറി വെള്ളത്തിലേക്ക് വീണത്. അപകടസമയത്ത് മകനുമൊത്ത് ഇതുവഴി ബൈക്കില്‍ വരികയായിരുന്നു കോളേജ് അധ്യാപകന്‍ സുബീഷ്. സംഭവം കണ്ട സുബീഷ് ബൈക്ക് നിര്‍ത്തി. ടിപ്പറില്‍ ആളുണ്ടെന്നു മനസ്സിലാക്കിയതോടെ മകനെ ബൈക്കിനരികില്‍ നിര്‍ത്തി, വെള്ളത്തിലേക്ക് എടുത്തുചാടി.
മറ്റൊരു ടിപ്പര്‍ഡ്രൈവറും സഹായത്തിനെത്തി. സുബീഷ് വാഹനത്തിനുള്ളില്‍ക്കടന്ന് ഇരുവരെയും പുറത്തെടുത്തു. പുറത്തെടുക്കുമ്പോള്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു. അപ്പോഴേക്കും മറ്റു മൂന്നുപേര്‍ കൂടി സുബീഷിനൊപ്പം രക്ഷാ പ്രവര്‍ത്തനത്തിനെത്തി.
ഒരാളെ കരയിലേക്ക് കൊണ്ടുവന്ന ശേഷം രണ്ടാമത്തെയാളെയും കാബിനില്‍നിന്ന് പുറത്തെത്തിച്ചു. തൊഴിലാളികളില്‍ ഒരാള്‍ക്ക് സംഭവസ്ഥലത്തുവെച്ച് ബോധം തെളിഞ്ഞു. മറ്റെയാള്‍ അബോധാവസ്ഥയിലായിരുന്നു. പരിക്കേറ്റ ഐഎന്‍ടിയുസി തൊഴിലാളികളായ സുരേന്ദ്രന്‍, അനില്‍കുമാര്‍ എന്നിവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മില്ലുങ്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്മിച്ച കല്‍ക്കെട്ടിന്റെ ഉദ്ഘാടനം രണ്ടാഴ്ച മുമ്പാണ് കഴിഞ്ഞത്. പൂത്തോട്ട ശാശ്വതികാനന്ദ കോളേജിലെ കംപ്യൂട്ടര്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറാണ് പൂത്തോട്ട മാങ്കായില്‍ച്ചിറയില്‍ സുബീഷ്.
Discussion about this post