മറയൂർ: പ്രസിദ്ധമായ മറയൂർ ചന്ദന റിസർവിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിന്നും ചന്ദനം കള്ളന്മാർ മുറിച്ചു കടത്തി. കാന്തല്ലൂർ പഞ്ചായത്തിൽ കുണ്ടക്കാട് ചന്ദന റിസർവിന് സമീപം ചിറക്കടവിലെ സ്വകാര്യഭൂമിയിൽ നിന്ന ഒരു കോടി രൂപ വിലമതിക്കുന്ന ചന്ദനമരമാണ് ബുധനാഴ്ച രാത്രി മോഷ്ടാക്കൾ മുറിച്ചുകടത്തിയത്.
ചിറക്കടവ് പേരൂർ പിആർ സോമന്റെ വീടിനു സമീപം നിന്ന മരമാണ് യന്ത്രവാൾ ഉപയോഗിച്ച് വെട്ടിക്കടത്തിയത്. 80 സെന്റിമീറ്റർ വണ്ണമുള്ളതും മുഴുവൻ കാതലുള്ളതുമാണ് മരം. രണ്ടടി ഉയരത്തിൽ കുറ്റി നിർത്തി മുറിച്ച് താഴെയിട്ടശേഷം കഷണങ്ങളാക്കി മുറിച്ചാണ് കടത്തിയത്. അഞ്ചിലേറെ പേർ ചേർന്നാണിതെന്ന് വനം വകുപ്പ് കരുതുന്നു. രണ്ടുമാസം മുൻപ് ഈ മരത്തിന്റെ ശിഖരം മുറിച്ചുകടത്തിയിരുന്നു. ശിഖരങ്ങളില്ലാതിരുന്നതിനാൽ മരം വീഴുന്ന ശബ്ദം കേട്ടില്ലെന്ന് സോമൻ പറയുന്നു. സോമന്റെ ഭൂമിയിൽ 12 വലിയ ചന്ദനമരങ്ങളുണ്ടായിരുന്നു. പല തവണകളായി മോഷ്ടാക്കൾ പത്ത് മരങ്ങളും വെട്ടിക്കടത്തി. ഇനി രണ്ടെണ്ണമേ അവശേഷിക്കുന്നുള്ളൂ.
അതേസമയം, സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പാളപ്പെട്ടി ഭാഗത്തേക്ക് ചന്ദനം കൊണ്ടുപോയെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് ഒരു തവണം മോഷ്ടാക്കൾ ചന്ദനം കടത്തിയത് സോമനേയും ബന്ധുവിനേയും ബന്ദിയാക്കിയശേഷമായിരുന്നു. 2008 മാർച്ച് 20നാണ് സോമനെയും ബന്ധുവിനെയും കെട്ടിയിട്ടിട്ട് വീടിനു സമീപത്തെ ചന്ദനമരങ്ങൾ വെട്ടിക്കടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൊന്നത്തടി, മൂവാറ്റുപുഴ സ്വദേശികളായ 12 പേരെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post