കല്‍പ്പറ്റ: ഓണക്കാലമായിരിക്കുകയാണ്. ഇത്തവണ കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ആഘോഷങ്ങളൊന്നുമില്ലാത്ത ഓണത്തെയാണ് മലയാളികള്‍ വരവേല്‍ക്കുന്നത്. ഓണത്തിന് ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതിനിടെ വീടുകളില്‍ നാടന്‍ പൂക്കള്‍ മാത്രം ഉപയോഗിച്ച് പൂക്കളം തീര്‍ക്കാന്‍ വയനാട്ടുകാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് കളക്ടര്‍.
ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ ആഹ്വാനം ഏറ്റെടുത്ത് നാടന്‍ പൂക്കള്‍ ഉപയോഗിച്ച് വീട്ടില്‍ പൂക്കളം തീര്‍ത്തിരിക്കുകയാണ് വയനാട്ടുകാര്‍ ഒന്നടങ്കം. മുല്ല, തെച്ചി, മന്ദാരം, തുമ്പ, അരിപ്പൂ…. തുടങ്ങിയ നാടന്‍ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം ഒരുക്കാനാണ് കളക്ടര്‍ ഡോ. അദീല അബ്ദുല്ല ആവശ്യപ്പെട്ടത്.
ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെ നിരവധിപ്പേരാണ് വീട്ടുമുറ്റത്ത് പൂക്കളമിട്ട് കളക്ടറുടെ പോസ്റ്റിന് കീഴില്‍ കമന്റായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂക്കളങ്ങളുടെ ചിത്രങ്ങള്‍ #entepookkalam എന്ന ഹാഷ് ടാഗോടെ പങ്കുവയ്ക്കണമെന്നും മികച്ചവ തന്റെ പേജില്‍ ഷെയര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞിരുന്നു.
ഇതനുസരിച്ച് മികച്ച 13 പൂക്കളങ്ങള്‍ കളക്ടര്‍ ഇന്നലെ ഔദ്യോഗിക പേജില്‍ പങ്കുവച്ചിട്ടുണ്ട്. പാടത്തും പറമ്പിലും വീട്ടുമുറ്റത്തുമുള്ള പേരറിയാത്ത ഒട്ടേറെ പൂക്കളാണ് എല്ലാവരും പൂക്കളമിടാന്‍ ഉപയോഗിച്ചിരിക്കുന്നത്. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതമായി ആഘോഷങ്ങള്‍ വീട്ടിലേക്ക് തന്നെ ഒതുക്കുന്നതിന് പ്രോല്‍സാഹനം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ പൂക്കളമിടാന്‍ അവസരമൊരുക്കിയത്. കോവിഡിന്റെ മാര്‍ഗ നിര്‍ദേശങ്ങളെല്ലാം ഓര്‍മ്മിപ്പിച്ചാണ് ഈ പോസ്റ്റുകളെല്ലാം പങ്കുവച്ചിരിക്കുന്നത്.
Discussion about this post