തിരുവനന്തപുരം: വിവാദമായ സെക്രട്ടേറിയേറ്റ് തീപിടിത്തം ഉണ്ടായത് ഫാനിൽ നിന്നാണെന്ന് ഉറപ്പിച്ച് ഫയർ ഫോഴ്‌സിന്റെയും റിപ്പോർട്ട്. ഫാനിലേക്കുള്ള വയർ മാത്രമാണ് കത്തിരിയിരിക്കുന്നത്. മറ്റ് സ്വിച്ചുകൾക്കും വയറിങിനും തീപിടിച്ചിട്ടില്ല. ഇത് സംബന്ധിച്ച് ഫയർ ഫോഴ്‌സ് മേധാവി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. ഫാനിൽ നിന്നാണ് തീ പർന്നതെന്ന് നേരത്തെ പിഡബ്ല്യുഡി വിഭാഗവും വ്യക്തമാക്കിയിരുന്നു.
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് മുൻ വിജ്ഞാപനങ്ങളും അതിഥി മന്ദിരങ്ങളിൽ മുറികൾ ബുക്ക് ചെയ്തതിന്റെ രേഖകളുമെന്ന് പോലീസിന്റെ എഫ്‌ഐആർ പറയുന്നത്. അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസറുടെ പരാതിയിലാണ് കൺഡോണമന്റ് പോലീസ് കേസെടുത്തിട്ടുള്ളത്.
പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ പൊളിറ്റിക്കൽ ടു എ, പൊളിറ്റിക്കൽ ഫൈവ് എന്നീ സെക്ഷനുകളിൽ ഉണ്ടായ തീപിടിത്തത്തിൽ ചില ഫയലുകൾ ഭാഗികമായി കത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടോ എന്നതടക്കം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങൾ ഉൾപ്പടെയുള്ള സാങ്കേതികവശം പരിശോധിക്കാൻ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണർ ഡോ. എ കൗശികന്റെ നേതൃത്വത്തിലും ഒരു സമിതിയുണ്ട്. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി.
Discussion about this post