കല്‍പ്പറ്റ: വയനാട്ടില്‍ കൊവിഡ് പരിശോധന കേന്ദ്രമൊരുക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കി ഗൃഹനാഥന്. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ നാലാംവാര്‍ഡില്‍ താമസിക്കുന്ന വെങ്ങണക്കണ്ടി അഷ്റഫാണ് തന്റെ വീട് സ്വമനസാലെ പരിശോധന കേന്ദ്രം ഒരുക്കുന്നതിനായി വിട്ടുനല്‍കിയത്.
വൃത്തിയും സൗകര്യവും ഉള്ള വീട് തന്നെയാണ് ഇത്. കമ്മ്യൂണിറ്റി ഹാളോ മറ്റു പൊതുഇടങ്ങളോ ഇല്ലാത്തതിനാല്‍ പരിശോധന സംവിധാനമൊരുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സന്നദ്ധ അറിയിച്ച് അഷ്റഫ് രംഗത്തെത്തിയത്. വീടിന് അടുത്ത് പോലും പരിശോധന വേണ്ടെന്ന് പലരും ശഠിക്കുന്നതിനിടെയാണ് അഷ്റഫിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തി.
പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ തുടര്‍ച്ചയായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രണ്ട് വാര്‍ഡുകളിലെയും മുഴുവന്‍ കുടുംബങ്ങളെയും പരിശോധനക്ക് വിധേയമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിരിക്കുകയാണ്. അഷ്റഫിന് ഇപ്പോള്‍ സമീപവാസികള്‍ തങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്.
Discussion about this post