തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്ക് വാഹനങ്ങളെ ജിപിഎസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ 2016-ല്‍ നിലവില്‍ വന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ചരക്ക് വാഹനങ്ങളെ ജിപിഎസ് ഘടിപ്പിക്കണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍, യാത്രാ വാഹനങ്ങളില്‍ മാത്രം ജിപിഎസ് ഘടിപ്പിച്ചാല്‍ മതി എന്നാണ് ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇത് പ്രകാരമാണ് ചരക്ക് വാഹനങ്ങളെ ജിപിഎസ് ഘടിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഓട്ടോറിക്ഷകള്‍(മുച്ചക്ര വാഹനങ്ങള്‍), ഇ-റിക്ഷകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയിലും ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. കേരള മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് ആവശ്യമായ ഭേദഗതി വരുത്തുവാനും നിര്‍ദ്ദേശം നല്‍കി. ഇത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ചരക്ക് വാഹന ഉടമകള്‍ക്കും ആശ്വാസം നല്‍കുന്ന നടപടിയാണെന്നും മന്ത്രി പറഞ്ഞു.