തിരുവനന്തപുരം: ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ എത്തിക്കാന്‍ അനുമതി. പ്രതിഷേധങ്ങളും മറ്റും ഉയരുന്ന സാഹചര്യത്തിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് പ്രധാനമായും നല്‍കിയിരിക്കുന്ന നിര്‍ദേശം.
മറ്റു സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൂക്കള്‍ വില്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൂ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലര്‍ന്ന് കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
കൊവിഡ് വ്യാപനം അതിതീവ്രമായേക്കാം എന്ന മുന്‍കരുതല്‍ എടുത്താണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിന് വിലക്കിയിരുന്നത്. എന്നാല്‍ പച്ചക്കറിയും മറ്റു ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുമ്പോള്‍ പൂക്കള്‍ക്ക് മാത്രം എന്തിനാണ് വിലക്കെന്ന പ്രതിഷേധം ശക്തമായി ഉയരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.