തിരുവനന്തപുരം: ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ താൽക്കാലികമായി ഒഴിവാക്കി. സെപ്തംബർ ഒന്ന് വരെയാണ് നിയന്ത്രണം ഒഴിവാക്കിയത്. ഇതോടെ സംസ്ഥാനത്ത് എവിടേക്കും ബസുകൾക്ക് സർവീസ് നടത്താം.
നേരത്തെ തൊട്ടടുത്ത ജില്ലകളിലേക്ക് മാത്രമാണ് സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നത്. പുതിയ നിർദേശത്തിൽ രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ സർവീസ് നടത്താമെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി പരിഗണിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾക്ക് നികുതിയിളവ് അനുവദിച്ച് കഴിഞ്ഞ ദിവസം മന്ത്രിസഭാ തീരുമാനം വന്നിരുന്നു.
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള നികുതികൾ ഒഴിവാക്കി നൽകുമെന്ന് ഗതാഗതമന്ത്രിയും അറിയിച്ചു. സ്‌കൂൾ ബസുകളുടെ നികുതിയും ഒഴിവാക്കിയിട്ടുണ്ട്. ചാർജ് വർധിപ്പിച്ചിട്ടും നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ ഭൂരിഭാഗവും സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇനി നിസ്സഹകരണം തുടരരുതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.