കോഴിക്കോട്: അസ്വാഭാവികമായി എത്തിയ ആ സന്ദേശം അവഗണിക്കാമായിരുന്നിട്ടും, മറ്റാരും ആ സന്ദേശം കേൾക്കാതിരിന്നിട്ടും അതിന് പിന്നാലെ പോകാൻ തന്നെ ഉറച്ച പോലീസ് ഉദ്യോഗസഅഥന് രക്ഷിച്ചത് ആറ് ജീവനുകൾ. ‘പോലീസ് കൺട്രോൾ റൂം പോലീസ് കൺട്രോൾ റൂം’ വയർലെസിലേക്ക് എത്തിയ സന്ദേശത്തിലെ പോലീസ് എന്ന പദപ്രയോഗം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അതിന് പുറകെ പോവാൻ കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പവിത്രൻ തീരുമാനിച്ചത്.
ഈ സന്ദേശം അയച്ചത് ഏതെങ്കിലും പോലീസുകാരാണെങ്കിൽ സന്ദേശത്തിൽ കൺട്രോൾ റൂം എന്നോ അതത് പോലീസ് സ്‌റ്റേഷന്റെ പേരോ മാത്രമേ പറയൂ. മുന്നിൽ പോലീസ് എന്ന് കൂട്ടിച്ചേർക്കില്ല. പക്ഷെ അതെവിടുന്നാണെന്ന് തേടി പോകാൻ പവിത്രന് തോന്നിയത് നിയോഗമാകാം. ആ സന്ദേശം അയച്ചത് കടലിൽ മുങ്ങിത്താഴ്ന്ന് പോവുമായിരുന്ന ആറ് ജീവനുകളായിരുന്നു.
കസബ സ്‌റ്റേഷന്റെ വയർലസിലേക്ക് വരുന്ന സ്‌റ്റേഷൻ സന്ദേശം മാത്രം ശ്രദ്ധിക്കേണ്ടിയിരുന്ന പവിത്രൻ പക്ഷെ എന്തോ താൻ അതിന് നിയോഗിക്കപ്പെട്ടത് പോലെ ആ സന്ദേശത്തിന് പുറകെ പോവുകയായിരുന്നു. പോലീസുകാരുടേത് അല്ലാത്ത സംഭാഷണങ്ങളൊക്കെ വയർലസിലേക്ക് കേറി വരാറുണ്ട്. അങ്ങനെയെന്തോ ആണെന്നാണ് ആദ്യം കരുതിയത്. ബോട്ട് മുങ്ങുന്നുവെന്നും മുറിഞ്ഞു മുറിഞ്ഞ് കേട്ടു. തുടർന്ന് എന്തോ സംഭവിച്ചുണ്ടെന്ന് കണക്ക് കൂട്ടി സാങ്കേതിക വിദഗ്ധരെ അറിയിച്ച് വയർലസ് സന്ദേശത്തിന്റെ ഉറവിടം തേടി ഇറങ്ങുകയായിരുന്നു.
പക്ഷെ, കൺട്രോൾ എന്ന് പറഞ്ഞ സന്ദേശം സാങ്കേതിക വിദഗ്ധരുടെ പക്കൽ എത്തിയിട്ടുണ്ടായിരുന്നില്ല, വയർലസിലേക്ക് എത്തുന്ന എല്ലാ സന്ദേശവും കൈകാര്യം ചെയ്യുന്ന ടെലികമ്യൂണിക്കേഷനിലേക്കും എത്താത്തതായിരുന്നു ബോട്ട് മുങ്ങുന്നുവെന്ന ആ സന്ദേശം. അങ്ങനെ ഒരിക്കലും സംഭവിക്കാത്തതാണ്. പുറത്ത് നിന്നുള്ള എഫ്എം പോലും പലപ്പോഴും കയറി വരുന്നതാണ്. സന്ദേശങ്ങൾ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ സേവ് ചെയ്യപ്പെടാറുമുണ്ട്. പക്ഷെ ഈ സന്ദേശം അവിടെയെത്തിയിരുന്നില്ല. ഇതുകേട്ടിട്ടും നിരാശനാകാതെ മറൈൻ എൻഫോഴ്‌സുമെന്റുമായി പവിത്രൻ ബന്ധപ്പെട്ടു. പോലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കടലിൽ ജോലിക്ക് പോവുന്ന മറ്റൊരു വിഭാഗമാണിത്. കടലിലുള്ള മത്സ്യതൊഴിലാളികളുടേതടക്കം എല്ലാ സന്ദേശവും അവർക്കും ലഭിക്കുന്നതാണ്. എന്നാൽ ഈ സന്ദേശം മാത്രം അവിടെ ലഭിച്ചില്ല.
പക്ഷെ അങ്ങനെ വിട്ടുകളയാതെ മത്സ്യത്തൊഴിലാളികൾക്ക് കൂടി വിവരം ഷെയർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഒടുവിൽ കടലുണ്ടിയിൽ നിന്ന് 25 കിലോമീറ്റർ അകലെ ബോട്ട് അപകടത്തിൽ പെട്ടതായി കണ്ടു. അൽപ്പം കൂടി വൈകിയിരുന്നുവെങ്കിൽ കടലിൽ മുങ്ങിപ്പോകുന്ന നിലയിൽ ആറു ജീവിതങ്ങളാണ് തുടർന്ന് കരയിലെത്തിയത്. തിരുവനന്തപുരം സ്വദേശികളായ മീൻപിടിത്തക്കാർ ബേപ്പൂരിൽ നിന്നുമാണ് കടലിലേക്ക് പോയത്. അനുവദനീയമായതിലും അപ്പുറത്തേക്ക് പോയതോടെ മൊബൈൽ റെയ്‌ഞ്ചോ, വയർലസ് സംവിധാനമോ ലഭിക്കാതാവും. ഇത്തരത്തിൽ ദൂരേയ്ക്ക് പോയപ്പോഴാണ് അപകടമുണ്ടായതും ഇവർ സന്ദേശമയച്ചതും. നിയോഗം പോലെ സന്ദേശം പവിത്രന്റെ ശ്രദ്ധയിൽപ്പെട്ടതാണ് ഇവരുടെ ജീവൻ തന്നെ രക്ഷപ്പെടാൻ കാരണമായത്.
പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൂടിയായി മേപ്പയ്യൂർ സ്വദേശി പവിത്രന്റെ സർവീസ് ജീവിതത്തിൽ ആദ്യമാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്. ആറ് പേരുടെ രക്ഷകനായ പവിത്രനെ അനുമോദിക്കാനായി നിരവധി പേരാണ് വിളിച്ച് കൊണ്ടിരിക്കുന്നത്. കമ്മീഷണർ അവാർഡും പ്രഖ്യാപിച്ചിട്ടുണ്ട്. നടക്കാവ് സ്റ്റേഷനിലെ പോലീസുകാരി ശാലിനിയാണ് പവിത്രന്റെ ഭാര്യ.
Discussion about this post