തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ ഇത്തവണ 30ലധികം നവാഗത പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ തുടങ്ങിയ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രങ്ങളാണ് നവാഗതരുടേതായി ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ പകുതിയോളം ചിത്രങ്ങളും ഇന്ത്യയില്‍ ആദ്യമായിട്ടാണ് പ്രദര്ശിപ്പിക്കുന്ന്.
ലോകസിനിമാ വിഭാഗത്തില്‍ ലൊക്കാര്‍ണോ മേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ റേ ആന്റ് ലിസ്, വെനീസ് മേളയില്‍ മികച്ച നടനുള്ള പുരസ്കാരത്തിന് ഖൈസ് നാഷിഫിനെ അര്‍ഹനാക്കിയ ടെല്‍ അവീവ് ഓണ്‍ ഫയര്‍, സാന്‍ സെബാസ്റ്റ്യനില്‍ മൂന്നു പുരസ്കാരങ്ങള്‍ നേടിയ റോജോ എന്നിവയും ഉള്‍പ്പെടുന്നുണ്ട്.
രാജ്യാന്തര ചലച്ചിത്രമേളയില്‍ ബോര്‍ഡര്‍ എന്ന ചിത്രത്തിന്റെ സംവിധായകന് അലി അബ്ബാസി, കെനിയന്‍ സംവിധായിക വനൗരി കഹ്യു, അമേരിക്കന്‍ സംവിധായനായ കെന്റ് ജോണ്‍സ്, വിയറ്റ്നാം സംവിധായികയായ ആഷ് മേഫെയര്‍, റുമേനിയന്‍ സംവിധായകന് ഡാനിയേല്‍ സാന്റു എന്നിവരുടേതടക്കമുള്ള നവാഗത ചിത്രങ്ങളും മേളയുടെ ഭാഗമായി പ്രദര്‍ശനത്തിനെത്തും.
ഡിസംബര്‍ ഏഴു മുതല്‍ 13 വരെ നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം അസ്ഗര്‍ ഫര്‍ഹാദിയുടെ എവരിബഡി നോസാണ്.
Discussion about this post