മലപ്പുറം: പത്താം ക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയതിന്റെ നിറവിലാണ് മലപ്പുറത്തുകാരി നിഹ്മ. വിജയം നേടിയതിന്റെ അടിസ്ഥാനത്തില്‍ എന്ത് സമ്മാനമാണ് വേണ്ടതെന്ന് സഹോദരന്മാര്‍ ചോദിച്ചപ്പോള്‍ ഒന്ന് മാത്രമുണ്ടായിരുന്നുള്ളൂ. ഫുട്ബോള്‍ താരം അനസ് എടത്തൊടികയെ പരിചയപ്പെടണമെന്ന്. ശേഷം അതിനായുള്ള പരിശ്രമത്തിലായിരുന്നു സഹോദരന്മാര്‍.
അന്താരാഷ്ട്ര താരത്തെ അവര്‍ അനുജത്തിക്കായി വീട്ടിലെത്തിക്കുകയായിരുന്നു. പ്രദേശത്തെ ഫുട്ബാള്‍ സംഘാടകന്‍ അസീസ് അസി അന്താരാഷ്ട്ര ഫുട്ബാള്‍ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തതോടെ സംഭവം സോഷ്യല്‍മീഡിയയിലും നിറഞ്ഞു. കൊച്ചു ആരാധികയെ കാണാന്‍ അനസ് സമ്മാനവുമായി ഇവരുടെ വീട്ടിലെത്തി. മൊറയൂര്‍ വിഎച്ച്എംഎച്ച്എസിലെ വിദ്യാര്‍ത്ഥിയായ നിഹ്മക്ക് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയപ്പോള്‍ പറഞ്ഞ ആഗ്രഹം അങ്ങനെ നിറവേറുകയും ചെയ്തു.
മൊറയൂര്‍ താന്നിക്കല്‍ ബസാറിലെ നാസര്‍-അസീമ ദമ്പതികളുടെ മകളാണ് നിഹ്മ. നേരിട്ട് അഭിനന്ദിക്കല്‍ തന്റെ കടമ കൂടിയാണെന്നായിരുന്നു അനസിന്റെ പ്രതികരണം. കുടുബാംഗങ്ങള്‍ വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയത്. കുട്ടികളോടൊപ്പം പന്ത് തട്ടിയും പുതുതലമുറക്ക് ഉപദേശങ്ങളും നല്‍കിയായിരുന്നു അനസ് മടങ്ങിയത്.