തൃശ്ശൂർ: അമ്മയെ അവസാനമായി കാണാനാണെന്ന് പറഞ്ഞ് തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചയാൾ പണം നൽകാതെ പറ്റിച്ചതോടെ ഓട്ടോ ഡ്രൈവർ രേവതിന്റെ സങ്കടം കേരളക്കരയ്ക്ക് തന്നെ ഒരു വേദനയായിരുന്നു. രേവത് തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ഓട്ടോ ഓടിച്ച് എത്തിച്ചിട്ടും യാത്രക്കാരൻ പണം നൽകാതെ കബളിപ്പിച്ചു കടന്നുകളഞ്ഞത് സോഷ്യൽമീഡിയയിൽ സജീവ ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ ഇതാ വീണ്ടും രേവത് സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാവുകയാണ്. ഇത്തവണയും ദീർഘദൂരം ഓടിയിട്ടും രേവതിന് ഓട്ടോകൂലി കിട്ടിയില്ല, 500 രൂപയുടെ സ്ഥാനത്ത് കിട്ടിയത് രണ്ട് പവൻ സ്വർണ്ണവും മൊബൈൽ ഫോണുമാണ്.
രണ്ട് ദിവസം മുമ്പാണ് രേവതിന്റെ ഓട്ടോയിൽ കൂലി നൽകാൻ കൈയ്യിൽ പണമില്ലാതെ മറ്റൊരു യാത്രക്കാരൻ യാത്ര ചെയ്തത്. നഗരത്തിൽ നിന്നു ഗുരുവായൂരിലേക്ക് രാത്രി 10.30നാണു പെരിന്തൽമണ്ണ സ്വദേശിയെന്നു പരിചയപ്പെടുത്തിയ ആൾ ഓട്ടം വിളിച്ചത്. തുടർന്ന് ഓട്ടം പോയി. ഗുരുവായൂർ അമ്പലത്തിന്റെ കിഴക്കേനടയിലെത്തിയപ്പോൾ യാത്രക്കാരൻ ഇറങ്ങി. തുടർന്നാണ് ഇയാൾ പറഞ്ഞത് തന്റെ കൈയ്യിൽ പണമില്ലെന്ന്. ഇതോടെ രേവത് തനിക്ക് ഈ അടുത്ത് നടന്ന തിരുവനന്തപുരത്തേക്ക് ഓട്ടം പോയ ദുരനുഭവം ഇയാൾക്ക് പറഞ്ഞു കൊടുത്തു. മാത്രവുമല്ല പണം തരാതെ പോകരുതെന്നും അഭ്യർത്ഥിച്ചു.
രേവതും യാത്രക്കാരനും സംസാരിക്കുന്നത് കണ്ട് അമ്പലനടയിലെ സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടു. തുടർന്ന് ഇവർ പോലീസിനെ വിവരമറിയിച്ചു. ഇതോടെ സഞ്ചിയിൽ നിന്ന് ഒരു സ്വർണ്ണമാലയെടുത്ത് ഇത് ഓട്ടോക്കാരനു കൊടുക്കാമെന്നു യാത്രക്കാരൻ പറഞ്ഞു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ പന്തികേടു തോന്നിയതോടെ ഗുരുവായൂർ ടെമ്പിൾ പോലീസ് യാത്രക്കാരന്റെ മൊബൈലിൽ നിന്നു ബന്ധുവിന്റെ നമ്പർ എടുത്ത് അയാൾക്ക് വിളിച്ചു.
ഇതോടെയാണ് ഇയാളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. ഇയാൾ വീടുവിട്ടു പോയിട്ട് മാസങ്ങളായെന്നും കറങ്ങി നടക്കുന്നതാണ് പതിവെന്നുമായിരുന്നു വീട്ടുകാർ പറഞ്ഞത്. അത് മാത്രവുമല്ല സ്വർണ്ണം തന്നെന്നു പറഞ്ഞപ്പോൾ അത് മുക്കുപണ്ടമാകാനാണു സാധ്യതയെന്നുമായിരുന്നു അവർ പറഞ്ഞത്. ഇതോടെ രേവത് നിരാശനായി. വീണ്ടും പറ്റിക്കപ്പെട്ടതോടെ ധർമ്മസങ്കടത്തിലായ രേവതിന്റെ അവസ്ഥ കണ്ട് അമ്പലം കമ്മിറ്റിക്കാർ ഡീസൽ കാശായി 200 രൂപ പിരിവിട്ട് കൊടുത്തു. ഇതുമായി മടങ്ങുമ്പോൾ യാത്രക്കാരൻ വീണ്ടും രേവതിന്റെ ഓട്ടോയിൽ കയറി. ഇത്തവണ തൃശ്ശൂരിൽ നിന്നു പൈസ വാങ്ങിത്തരാമെന്നായിരുന്നു വാക്ക്. തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ ഇറങ്ങിയ യാത്രക്കാരൻ കൂലിക്കുപകരം അതേ മാല തന്നെ എടുത്തുകൊടുത്തു.
ഇതോടെ മുക്കുപണ്ടം കിട്ടിയിട്ടെന്തിനാ തനിക്ക് കാര്യമെന്ന് രേവത് ചോദിച്ചു. അതോടെ യാത്രക്കാരൻ അയാളുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും നൽകി. ഓട്ടോക്കൂലി തരുമ്പോൾ തിരിച്ചു തന്നാൽ മതിയെന്നു പറഞ്ഞാണ് കക്ഷി പോയത്. എന്നാൽ രണ്ടുദിവസമായിട്ടും പൈസ തരാൻ അയാൾ എത്താതായപ്പോൾ രേവത് ഒരു കൗതുകത്തിന് സുഹൃത്തിന്റെ സ്വർണക്കടയിൽ മാല കൊണ്ടു ചെന്ന് ഉരച്ചു നോക്കിയപ്പോൾ ആണ് അത് തനി സ്വർണ്ണമാണെന്ന് അറിഞ്ഞത്. മാത്രവുമല്ല 2 പവൻ തൂക്കവുമുണ്ട്. നേരിയ മനോവൈകല്യമുള്ള ആളെപ്പോലെയാണ് അയാൾ പെരുമാറിയതെന്ന് പോലീസ് പറയുന്നു. എന്തായാലും ഓട്ടോക്കൂലിയുമായി ആ യാത്രക്കാരൻ വന്നാൽ തിരിച്ചു കൊടുക്കാൻ മാലയും മൊബൈലുമായി നടക്കുകയാണ് രേവത്.
Discussion about this post